
മൃതദേഹത്തിന്റെ ഭാരം 21 കിഗ്രാം, ചർമം എല്ലിനോടു ചേർന്നു മാംസം ഇല്ലാത്ത നിലയില്‍, വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു; ഇന്ത്യയിലെ ആദ്യത്തെ പട്ടിണി കൊലപാതകത്തിലെ നടുക്കുന്ന സത്യങ്ങൾ
രാജ്യത്തെ ആദ്യത്തെ പട്ടിണി കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കിയിരുന്നു. 2013 ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം. നിർധന കുടുംബമാണ് തുഷാരയുടേത്. എങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പു നൽകി. സ്ത്രീധനത്തുക മൂന്ന് വർഷത്തിനുള്ളിൽ നൽകാമെന്നു കാണിച്ചു പ്രതികൾ തുഷാരയെക്കൊണ്ടു കരാറിൽ ഒപ്പുവച്ചു. മൂന്ന് വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ച് സെന്റ് സ്ഥലം നൽകണമെന്നായിരുന്നു കരാർ. എന്നാൽ, മൂന്ന് മാസം പിന്നിട്ടപ്പോൾ മുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാര സ്വന്തം വീട്ടിൽ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ അനുവദിച്ചില്ല. രണ്ട് പെൺകുട്ടികൾ ജനിച്ചെങ്കിലും അവരെ കാണാൻ പോലും തുഷാരയുടെ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. തുഷാര മരിക്കുമ്പോൾ മക്കൾക്കു മൂന്നര, ഒന്നര വയസ്സ് വീതമായിരുന്നു പ്രായം. ശാസ്ത്രീയമായ തെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് അവർ കിടപ്പു രോഗിയാണെന്നു പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണു പ്രതികൾ അധ്യാപികയെ വിശ്വസിപ്പിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ചര വർഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാർച്ച് 21ന് രാത്രി മകൾ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം കണ്ടപ്പോൾ ദയനീയമായ ശോഷിച്ച രൂപമായിരുന്നു. ഉടന്‍ തന്നെ പൂയപ്പള്ളി പോലീസിൽ പരാതി നല്കി. ഇതേത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അപൂർവവും ക്രൂരവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. മരിക്കുമ്പോള്‍ 28 കാരിയായ തുഷാരയുടെ ഭാരം 21 കിഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഉണ്ടായിരുന്നില്ല. ചർമം എല്ലിനോടു ചേർന്നു മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു. മസ്തിഷ്കത്തിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)