
വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം
വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് മാഡ്രിഡിലെ ബരാജാസ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ഐബീരിയ എയർബസ് എ320 വിമാനത്തിലെ പൈലറ്റിനാണ് കടിയേറ്റത്. അദ്ദേഹത്തിന് ചിലന്തി അലര്‍ജിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രാദേശിക സ്പാനിഷ് പത്രമായ ലാ വോസ് ഡി ഗലീഷ്യ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ചിലന്തി എങ്ങനെ വിമാനത്തിനുള്ളിൽ കയറി എന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ആദ്യഘട്ടത്തിൽ ഇത് ചിലന്തിയാണോ അതോ മറ്റെന്തെങ്കിലും ജീവിയാണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് വിമാനത്തിനുള്ളിൽ ടറന്റുല ചിലന്തിയുടെ സാന്നിധ്യം മറ്റു ക്രൂ അംഗങ്ങൾ തിരിച്ചറിഞ്ഞതോടെ ചിലന്തി തന്നെയാണ് പൈലറ്റിനെ കടിച്ചത് എന്ന് ഉറപ്പിക്കുകയായിരുന്നു.
മാഡ്രിഡ് എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും വരുത്താതെ സർവീസ് പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് സാങ്കേതിക വിദഗ്ധർ ചിലന്തിക്കായി വിമാനത്തിനുള്ളിൽ തിരച്ചിൽ നടത്തി. വീണ്ടും വിമാനത്തിന് ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നതിനാൽ മാഡ്രിഡിൽ നിന്ന് വിഗോയിലേക്കുള്ള തൊട്ടടുത്ത സർവീസ് മൂന്നു മണിക്കൂർ വൈകി.
ചിലന്തി കടിച്ച ഉടൻ തന്നെ മുൻകരുതൽ എന്ന നിലയിൽ, വീക്കവും ചൊറിച്ചിലും അലർജി ഇല്ലാതിരിക്കാനുമുള്ള മരുന്ന് ക്യാപ്റ്റന് നൽകിയതായും അധികൃതർ അറിയിച്ചു. ഭാഗ്യവശാൽ ക്യാപ്റ്റന് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഐബീരിയ എയർലൈൻസ് പിന്നീട് ദി ഇൻഡിപെൻഡൻ്റിനോട് സ്ഥിരീകരിച്ചു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)