
ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഉപഭോഗ്‌തൃ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയാണ് കനത്ത പിഴയും ലൈസൻസ് മരവിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്.രാജ്യത്തെ 2,28,000 സ്ഥാപനങ്ങളിൽ 57% (1,30,000) വും നടപടിക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. ഈ സ്ഥാപനങ്ങൾക്ക് എതിരെ 1000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴ ചുമത്താനുള്ള പദ്ധതിയുമുണ്ട്. നിലവിൽ രാജ്യത്ത് ജ്വല്ലറി , ധന വിനിമയം , ഓഹരി വിപണി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിയമം കർശനമായി നടപ്പാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വാണിജ്യ വ്യവസായ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയന്ത്രണം വ്യാപിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ പ്രധാന വിവരങ്ങൾ സർക്കാർ സജ്ജമാക്കിയ രേഖകളിലും ഇടപാടുകളിലും പരസ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, പല സ്ഥാപനങ്ങളും ഇതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. സാമ്പത്തിക തട്ടിപ്പുകളും പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളും തടയുവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന Financial Action Task Force (FATF) മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് പുതിയ നിയന്ത്രണങ്ങൾ. കുവൈത്തിലെ സാമ്പത്തിക നിലവാരം ഉയർത്തുവാനും രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക പ്രതിച്ഛായ മെച്ചപ്പെടുത്താനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നിലവിൽ വാണിജ്യ വ്യവസായ മന്ത്രാലയം കമ്പനി വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിയമലംഘനം നടത്തിയ കമ്പനികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ഇത് വഴി പിഴ ഈടാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കുകയും ചെയ്യും. രാജ്യത്തെ വാണിജ്യ മേഖലയിൽ വൻ സ്വാധീനം ചെലുത്തുവാൻ സഹായിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)