
കുവൈത്തിൽ വയോധികരുടെ ആരോഗ്യ സർവേ ആരംഭിച്ചു; മെഡിക്കൽ സംഘം വീട്ടിലെത്തും
കുവൈത്ത് ആരോഗ്യ മന്ത്രാലയം കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസുമായി സഹകരിച്ച് വയോധികരുടെ ആരോഗ്യ സർവേ ആരംഭിച്ചു.65 വയസ്സിന് മുകളിലുള്ളവരെ ലക്ഷ്യം വെച്ചാണ് സർവേ. ജീവിത സാഹചര്യങ്ങൾ, ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ, പകർച്ച രോഗങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര വിവര ശേഖരണം നടത്തും. ഇതോടൊപ്പം സാമൂഹികമായ ഒറ്റപ്പെടൽ, മാനസികാരോഗ്യം എന്നിവയും പരിശോധിക്കും. വൈജ്ഞാനികവും സർഗാത്മകവുമായ കഴിവുകൾ വിനിയോഗിക്കാൻ സാഹചര്യം വർധിപ്പിക്കുന്നതും അജണ്ടയിലുണ്ട്മെ.ഡിക്കൽ ജീവനക്കാരടങ്ങുന്ന വിദഗ്ധ സംഘം വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുക. സന്ദർശനത്തിനു മുമ്പ് വയോധികരെയും കുടുംബാംഗങ്ങളെയും ഫോണിൽ വിളിക്കും. സർവേ ടീം അംഗങ്ങൾക്ക് ക്യൂ.ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നൽകും.വയോധികരുടെയും കുടുംബത്തിന്റെയും സമയക്രമം പരിഗണിച്ച് രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായാകും സന്ദർശനം. ഒരാളിൽനിന്ന് വിവരം ശേഖരിക്കാൻ ഒന്നര മുതൽ രണ്ടുമണിക്കൂർ വരെ സമയമെടുക്കും.രക്തസമ്മർദം, കാഴ്ച, കേൾവിശക്തി, ബാലൻസ്, ശ്വാസകോശ പ്രവർത്തനം, പിടിച്ചുനിൽക്കാനും നടക്കാനുമുള്ള ശേഷി എന്നിവ പരിശോധിക്കും. രക്തസാമ്പിളുകൾ ആവശ്യമില്ല.ശേഖരിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും സ്വകാര്യത സംരക്ഷിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ വയോധികരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യും.ഭാവിയിലെ ആരോഗ്യ, സാമൂഹിക സേവനങ്ങൾക്കുള്ള തന്ത്രപരമായ ആസൂത്രണത്തിന് ദേശീയ േഡറ്റ ബേസ് നിർമിക്കാൻ സർവേ സഹായിക്കും.വയോധികരുടെ ആരോഗ്യ, സാമൂഹിക ആവശ്യങ്ങൾ വിലയിരുത്തുകയും അവർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുകയും ചെയ്ത് ആരോഗ്യകരമായ വാർധക്യം അനുഭവിപ്പിക്കാനുള്ള നയങ്ങളും പരിപാടികളും സേവനങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം.വയോധികരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അവർ നേരിടുന്ന വെല്ലുവിളികളും വർധിച്ചുവരുകയാണ്. പകർച്ച രോഗങ്ങളുടെ വർധന ആരോഗ്യ സംവിധാനത്തിന്റെ സമ്മർദം വർധിപ്പിക്കുന്നു.ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നൽകാൻ കഴിയുന്ന കൂടുതൽ കാര്യക്ഷമമായ സംവിധാനം കെട്ടിപ്പടുക്കാനാണ് വിവര ശേഖരണം നടത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)