വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം, നാട്ടിലേക്ക് പണം അയച്ച് നേട്ടം കൊയ്യാം
രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന് 23.17 പൈസയായിരുന്നു ഇന്നലത്തെ ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടം. മെച്ചപ്പെട്ട വിനിമയ നിരക്കിലേക്ക് ഉയർന്നിട്ടും ധനവിനിമയ സ്ഥാപനങ്ങളിൽ കാര്യമായ ചലനമുണ്ടായില്ല.എന്നാൽ ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്കിൽ 25 ശതമാനം വർധനയുണ്ടാകാമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു. യുഎഇയിലെ എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.05 രൂപയാണ് നൽകിയതെങ്കിൽ ബോട്ടിമിലും ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ്പിലും 23.16 രൂപ നൽകിയിരുന്നു. വാൻസ് ഉൾപ്പെടെ മറ്റു ചില ആപ്പിലും രാജ്യാന്തര നിരക്കിനു സമാനമായ നിരക്ക് നൽകുന്നതിന് പുറമെ സേവനത്തിന് പ്രത്യേകം ഫീസ് ഇല്ലെന്നതും കൂടുതൽ പേരെ ആകർഷിക്കുന്നു.
മെച്ചപ്പെട്ട നിരക്കിനു പുറമെ സേവന നിരക്കിൽ 532 രൂപയും (23 ദിർഹം) ലാഭിക്കാം. അയച്ച ഉടൻ തന്നെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകുന്നതും പ്രവാസികളെ മൊബൈൽ ആപ് വഴി പണം അയയ്ക്കാൻ പ്രേരിപ്പിക്കുന്നു.ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്കിലും ആനുപാതിക വർധനയുണ്ട്. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.
വിനിമയ നിരക്ക് (രൂപയിൽ)
യുഎഇ ദിർഹം 23.16
സൗദി റിയാൽ 22.63
ഖത്തർ റിയാൽ 23.31
ഒമാൻ റിയാൽ 220.89
ബഹ്റൈൻ ദിനാർ 225.42
കുവൈത്ത് ദിനാർ 276.05
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)