Posted By Editor Editor Posted On

നരേന്ദ്രമോദി രണ്ട് ദിവസം കുവൈറ്റിൽ ; 43 വര്‍ഷത്തിനിടെ രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; പ്രതീക്ഷകൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കുവൈത്തിലെത്തും. ഡിസംബര്‍ 21, 22 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം. അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തുന്നത്. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കാന്‍ ഈ സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

സുപ്രധാന നയതന്ത്ര വഴിത്തിരിവ്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന നയതന്ത്ര മുന്നേറ്റം കൂടിയാണ് മോദിയുടെ കുവൈത്ത് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വഴിത്തിരിവാകുമെന്നാണ് വിലയിരുത്തുന്നത്. സന്ദര്‍ശന വേളയില്‍ കുവൈത്ത് നേതൃത്വവുമായി മോദി ചര്‍ച്ച നടത്തും. കൂടാതെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.സാമ്പത്തിക-സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തും

ശക്തമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. കുവൈത്തിന്റെ മികച്ച വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഊര്‍ജമേഖല, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം വിപൂലീകരിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം.

സമീപകാല പുരോഗതികള്‍

ഈയടുത്താണ് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അല്‍ യാഹ്യ ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനമെന്നാണ് വിലയിരുത്തുന്നത്. സന്ദര്‍ശന വേളയില്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോപ്പറേഷന്‍(ജെസിസി) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *