Posted By Editor Editor Posted On

കുവൈറ്റിൽ ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം, പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പിടിക്കപ്പെട്ടാൽ പിഴയും തടവും

കള്ളപ്പണ ഇടപാടുകൾ തടയുന്നതിനായി നടപടികൾ ശക്തമാക്കി കുവൈത്ത് ഭരണകൂടം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ കുവൈറ്റിൽ പണം നൽകിയുള്ള കാറുകളുടെ വിൽപന അടക്കമുള്ളവ നിരോധിക്കും. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഈ തീരുമാനത്തിന് അനുസൃതമായി കാർ വിൽപനയുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ബാങ്കിംഗ് ചാനലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

രാജ്യത്ത് നടക്കുന്ന സംശയാസ്പദമായ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പണമിടപാട് നിരോധനം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിമിതപ്പെടുത്താനും പ്രത്യേകിച്ച് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിടവുകൾ നികത്താൻ ഫലപ്രദമായി സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

പണം നൽകിയുള്ള വിൽപന നിയന്ത്രിക്കുന്നത് കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ പണത്തിന്റെ ചലനം, ഉറവിടം, പണത്തിന്റെ ലക്ഷ്യസ്ഥാനം എന്നിവ പരിശോധിക്കാൻ അന്വേഷണ ഏജൻസികളെ പ്രാപ്തരാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഈ നിയമം ലംഘിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത പിഴ നടപടികളിലേക്ക് കടന്നേക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും ഒരു വെല്ലുവിളിയും ഭീഷണിയുമാണെന്ന് പറഞ്ഞ മന്ത്രാലയം ഇവ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധത ഭരണകൂടത്തിനുണ്ടെന്നും വ്യക്തമാക്കി. അടുത്തിടെയായി കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നിരവധി കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുവൈറ്റ് കോടതികൾ വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരു അംഗത്തിനും പങ്കാളിക്കും രണ്ട് പ്രവാസികൾക്കും പത്ത് വർഷം വീതം തടവുശിക്ഷ ക്രിമിനൽ കോടതി വിധിച്ചിരുന്നു. പ്രതികൾക്ക് കോടിക്കണക്കിന് രൂപ പിഴയും കോടതി വിധിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, ബ്ലാക്ക് മെയിൽ എന്നീ കുറ്റങ്ങൾ ചുമത്തി ഫെബ്രുവരിയിൽ കുവൈത്ത് കോടതി ഏഴ് പ്രവാസികൾക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *