കുവൈത്ത് ‘കുടുംബവിസ’ നാളെ ദേശീയ അസംബ്ലിയിൽ; പ്രതീക്ഷയോടെ പ്രവാസികൾ
കുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ആറാമതായി പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമത്തെക്കുറിച്ചുള്ള ആഭ്യന്തര, പ്രതിരോധ സമിതിയുടെ ആദ്യ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലെ സെഷനിൽ വിഷയം അവതരിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നുവെങ്കിലും പുതിയ അമീറിൻറെ സത്യപ്രതിജ്ഞയും മറ്റും കാരണങ്ങളാലും നീട്ടിവെക്കുകയായിരുന്നു.
പുതിയ താമസ നിയമത്തിന് സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. അസംബ്ലി അംഗീകാരത്തോടെ നിയമം പ്രാബല്യത്തിൽ വന്നാൽ വിസ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കും. ഇതോടെ നിർത്തിവെച്ച കുടുംബ വിസ, സന്ദർശന വിസ എന്നിവ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
2022 ജൂണിലാണ് കുവൈത്തിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സ്ഥിയിലാണ് പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാൽ മലയാളികൾ അടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്. നിലവിൽ തൊഴിൽ വിസയും കമേഴ്സ്യൽ സന്ദർശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.
വിസ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഉറപ്പുനൽകിയതായി എം.പി അബ്ദുൽ വഹാബ് അൽ എസ്സ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിസകൾ ദീർഘനാളായി അനുവദിക്കാത്തതിനാൽ പ്രവാസികളും പ്രാദേശിക ബിസിനസുകളും നേരിടുന്ന പ്രശ്നങ്ങളും അധികൃതർക്കു മുന്നിലുണ്ട്.
അതേസമയം, റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും പുതിയ ഫീസ് നിരക്ക് വന്നേക്കും. വിസ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും.
വിദേശികൾക്ക് മൂന്നു മാസത്തെ താൽക്കാലിക താമസം അനുവദിക്കുന്നതും ഒരു വർഷം വരെ ഇതു നീട്ടാമെന്നതും കരട് നിയമത്തിലുണ്ട്. വിദേശികൾക്ക് അഞ്ച് വർഷവും കുവൈത്തിലെ സ്ത്രീകളുടെയും റിയൽ എസ്റ്റേറ്റ് ഉടമകളുടെയും കുട്ടികൾക്ക് 10 വർഷവും നിക്ഷേപകർക്ക് 15 വർഷത്തേക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ പറയുന്നു. ദേശീയ അസംബ്ലിയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുതിയ നിയമം പ്രാബല്യത്തിൽ വരുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)