കുവൈത്ത് അമീറിന്റെ ആരോഗ്യനില: വ്യാജ റിപ്പോർട്ടുകളും ഊഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
കുവൈത്ത് സിറ്റി: അമീറിന്റെ ആരോഗ്യനില, ഭരണ ക്രമീകരണം എന്നിവ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഊഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പാർട്ടിക്കും പ്ലാറ്റ്ഫോമിനും മാധ്യമങ്ങൾക്കും വാർത്ത സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുക്കും. എഴുത്ത്, ഓഡിയോ റെക്കോഡ്, ഫോട്ടോ, വിഡിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫോർമാറ്റുകളിൽ ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ചാലും നടപടി ഉണ്ടാകും.
ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അമീറിന്റെ ആരോഗ്യനിലയെയും കുവൈത്ത് ഭരണക്രമത്തെയും കുറിച്ച് നിരവധി തെറ്റായ പ്രസ്താവനകൾ കണ്ടെത്തുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
അശ്രദ്ധമായ പ്രസ്താവനകളിലൂടെ സമൂഹത്തിൽ വിഷം പടർത്താൻ സംസാര സ്വാതന്ത്ര്യം ഒരു ഒഴികഴിവായി ഉപയോഗിക്കരുതെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഹാനികരമായ കുറ്റകൃത്യങ്ങൾ ചെയ്യപ്പെടുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആധികാരികമല്ലാത്ത വാർത്ത റിപ്പോർട്ടുകൾക്കെതിരെ നേരത്തേ ഇൻഫർമേഷൻ മന്ത്രാലയവും കർശന മുന്നറിയിപ്പു നൽകിയിരുന്നു. വാർത്തകൾ പങ്കിടുമ്പോൾ കൃത്യത പാലിക്കണമെന്നും വിശ്വസനീയ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിയമ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അറിയിച്ചു.
തെറ്റായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തുന്നതിനും ഇൻഫർമേഷൻ മന്ത്രാലയം ശ്രദ്ധചെലുത്തുന്നുണ്ട്. നിയമലംഘനം ഒഴിവാക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വാർത്തകൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)