കുവൈത്ത് പ്രധാനമന്ത്രിക്കെതിരായ വിചാരണ പ്രമേയം ദേശീയ അസംബ്ലി പരിശോധിക്കും
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിനെതിരായ വിചാരണ (ഗ്രില്ലിങ്) പ്രമേയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ചീഫ് സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ, മറ്റു കരടു നിയമങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങൾ രണ്ടു ദിവസത്തെ അസംബ്ലി സെഷനുകൾ പരിശോധിക്കും. എം.പി മുഹലൽ അൽ മുദാഫാണ് പ്രധാനമന്ത്രിക്കെതിരെ ഗ്രില്ലിങ് ആവശ്യപ്പെട്ട് രംഗത്തുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കഴിവില്ലായ്മ, ഭരണം നടത്തുന്നതിലെ പിഴവുകൾ, പാർലമെന്ററി ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയം എന്നിവ ഉൾപ്പെടെ മൂന്നു കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ചീഫിനുള്ള നാമനിർദേശങ്ങൾ, പതിനേഴാം നിയമസഭ കാലയളവിലെ രണ്ടാം റെഗുലർ സെഷൻ ആരംഭിക്കുന്ന അമീരി പ്രസംഗം, പാർലമെന്ററി കമ്മിറ്റികളിൽനിന്നുള്ള 35 പാർലമെന്ററി റിപ്പോർട്ടുകൾ എന്നിവയാണ് മറ്റു ചർച്ചാവിഷയങ്ങൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)