Posted By editor1 Posted On

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സന്തോഷ വാർത്ത; സുപ്രധാന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ് മേധാവി

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സർവീസുകളുടെ കാര്യത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നും ഇതിന് പുറമെ ബഹറൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലും വർദ്ധനവ് വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗത വിപണി ഏറെക്കുറെ പൂർണമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ വിമാനത്താവളമെന്ന നിലയിൽ കണ്ണൂരിൽ നിന്നുള്ള സർവീസുകളുടെ വർദ്ധനവ് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഗൾഫിലേക്ക് നിലവിലുള്ള വ്യോമ ഗതാഗത ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മേധാവി സൂചിപ്പിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതിന് പുറമെ ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളിൽ നിന്നും മൂന്നാം നിര നഗരങ്ങളിൽ നിന്നും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ ശേഷി വർദ്ധനവ് കമ്പനിയുടെ പരിഗണനയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വിമാന സർവീസുകളുടെ കാര്യം പരിഗണിക്കുമ്പോൾ ഗൾഫ് സർവീസുകൾക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി പോയിന്റായി കേരളത്തിലെ വിമാനത്താവളങ്ങളെ മാറ്റിക്കൊണ്ടുള്ള പദ്ധതിയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ് മേധാവി പറ‌ഞ്ഞു. ഇതിലൂടെ യുഎഇയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് വിവിധ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാവുകയും ചെയ്യുമെന്നും അലോക് സിങ് ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി.നിലവിൽ ആഴ്ചയിൽ 195 വിമാന സർവീസുകളാണ് ഇന്ത്യയ്ക്കും യുഎഇക്കും ഇടയിൽ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 80 എണ്ണം ദുബൈയിലേക്കും 77 എണ്ണം ഷാർജയിലേക്കും 31 എണ്ണം അബുദാബിയിലേക്കും അഞ്ചെണ്ണം റാസൽഖൈമയിലേക്കും രണ്ടെണ്ണം എൽഐനിലേക്കുമാണ്. ഗൾഫ് മേഖലയിലേക്ക് ആകെ 308 വിമാന സർവീസുകൾ പ്രതിവാരം എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. സർവീസുകൾ വിപുലമാക്കുന്നതിന്റെ കൂടി ഭാഗമായി അടുത്ത 15 മാസത്തിനുള്ളിൽ 450 പൈലറ്റുമാരെയും എണ്ണൂറോളം ക്യാബിൻ ക്രൂ പുതിയതായി നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 350 പൈലറ്റുമാരെയും ഏതാണ്ട് 550 ക്യാബിൻ ക്രൂ അംഗങ്ങളെയും പുതിയതായി എടുത്തിരുന്നു. അടുത്ത വർഷം ഡിസംബറോടെ ആകെ വിമാനങ്ങളുടെ എണ്ണം 100 ആയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 175 ആയും വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *