ഇസ്രായേൽ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,800 കുട്ടികൾ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെയും 10,000ത്തോളം പേർ മരിച്ചവരിൽ 4800ഓളം കുരുന്നുകളുണ്ടെന്ന് റിപ്പോർട്ടുകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ അല്ലാതെയോ കുടുങ്ങിക്കിടക്കുന്ന 1950 പേരിൽ 1,050ഉം കുട്ടികളാണെന്നാണ് കണക്കുകൾ. ബോംബുകൾ നിലംപരിശാക്കിയ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ദിവസങ്ങളോളം നിലവിളി കേട്ടിട്ടും പ്രതികരിക്കാനോ മൃതദേഹമെങ്കിലും പുറത്തെടുക്കാനോ കഴിയാത്ത മഹാദുരന്തം ഗസ്സക്ക് മാത്രമാകുമെന്നുറപ്പ്. ഹമാസിനെയെന്ന പേരിൽ ഓരോ ഫലസ്തീനിയെയും അക്രമിക്കുന്ന ഇസ്രായേൽ ക്രൂരത ഏറ്റവും കൂടുതൽ അറിഞ്ഞവർ തീർച്ചയായും കുട്ടികളായിരിക്കും. ഉറ്റവരത്രയും പിടഞ്ഞുവീണ് ഒറ്റക്കായിപ്പോയ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചുനീറിയുള്ള കരച്ചിലിന് ലോകം ഇതുവരെയും ചെവിയോർത്തുതുടങ്ങിയിട്ടില്ല. പരിക്കേറ്റ് ആശുപത്രിക്കിടക്കയിൽ മരണവുമായി മല്ലിടുന്നവർ വെറെ. ഗസ്സയിലെ 246 വിദ്യാലയങ്ങളാണ് ഇതുവരെയായി ഇസ്രായേൽ ബോംബുകൾ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കിയത്. കുട്ടികൾ ഇസ്രായേൽ ബോംബുകളുടെ പ്രധാന ഇരകളാണോയെന്ന് തോന്നിക്കുംവിധമാണ് പല ആക്രമണങ്ങളും. അഭയാർഥി ക്യാമ്പുകളിൽ നിരന്തരം വന്നുവീഴുന്ന ബോംബുകൾ തീർച്ചയായും ആദ്യം ജീവനെടുക്കുന്നത് കുട്ടികളുടെയാണ്. മൊത്തം മരിച്ചവരിൽ 73 ശതമാനവും കുട്ടികളോ സ്ത്രീകളോ ആണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)