വിസയില്ലാതെ അനധികൃതമായി താമസം: കുവൈത്തിൽ നിന്ന് 62 പ്രവാസി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു
കുവൈത്ത് സിറ്റി: വിസയില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയ 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിലെ ശ്രീലങ്കൻ എംബസി താൽക്കാലിക പാസ്പോർട്ടിൽ രാജ്യത്തേക്ക് തിരിച്ചയച്ചു. ഇവരിൽ 59 പേർ വീട്ടുജോലിക്കാരായ സ്ത്രീകളും മൂന്നു പേർ പുരുഷ ഗാർഹിക തൊഴിലാളികളുമാണ്.
ഗാർഹിക സേവനത്തിനായി കരാറെടുത്ത വീടുകളിൽനിന്ന് പുറത്തിറങ്ങി താൽക്കാലിക അഭയകേന്ദ്രങ്ങളിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവരെന്ന് കുവൈത്തിലെ ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ താൽപര്യം കാണിച്ച് ഇവർ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇത്തരക്കാരെ കുവൈത്തിലെ ശ്രീലങ്കൻ എംബസി, പൊലീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, കോടതികൾ എന്നിവയുടെ നടപടികൾക്കു ശേഷമാണ് താൽക്കാലിക പാസ്പോർട്ട് തയാറാക്കി രാജ്യത്തേക്ക് തിരിച്ചയക്കുന്നത്.
Comments (0)