കുവൈറ്റിൽ കനത്ത ചൂട്; വരും ദിവസങ്ങളിൽ താപനില ഉയരും, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കുവൈത്ത് സിറ്റി: കടുത്ത ചൂടുകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ചൂട് കൂടുന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്.
ഇതിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ അനിവാര്യമാണ്. ചൂട് ഉയർന്നതോടെ പകൽ പുറത്തിറങ്ങുന്നത് ആളുകൾ കുറച്ചിട്ടുണ്ട്. സൂഖുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്ക് കുറവാണ്. ഉച്ചവിശ്രമവേള പ്രാബല്യത്തിൽ വന്നത് പുറത്ത് പണിയെടുക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് പുറം ജോലികൾക്ക് നിയന്ത്രണം. തൊഴിലാളികൾക്ക് വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ സുരക്ഷയും പരിഗണിച്ചാണിത്. നിമയം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറാം
മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപക ചര്‍മരോഗങ്ങൾ പിടിപെടാം. ഇവർ ഡോക്ടറുടെ ഉപദേശം തേടണം. വെയിലുകൊണ്ട് ജോലി ചെയ്യുന്നവര്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം. പൈപ്പുകളിലൂടെ ചൂടുവെള്ളം വരുന്നതിനാൽ നേരത്തേ വെള്ളം സംഭരിച്ചുവെച്ചാകണം കുളിക്കേണ്ടത്. അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉൾപ്പെടെയുള്ള വസ്തുക്കള്‍ കൊണ്ട് തല മറക്കണം. കണ്ണില്‍ നേരിട്ട് വെയിലുകൊള്ളുന്നത് തടയാന്‍ കൂളിങ് ഗ്ലാസ് ധരിക്കാം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം.താപവ്യതിയാനങ്ങളും പ്രശ്നം
പുറത്തെ വെയിലിന്റെ ചൂടും അകത്തെ എ.സിയുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാവുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സിയുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറല്‍പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാനകാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ. തുടര്‍ച്ചയായി എ.സിയില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്റേതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു.
പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറക്കാം. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെയിലത്തുനിന്ന് വന്ന ഉടന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)