അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാഗ്രതയിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം
യുകെയിലും വടക്കൻ അയർലൻഡിലും സ്ഥിരീകരിച്ച ഹെപ്പറ്റൈറ്റിസ്-സി വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും കേസുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിലും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതു വൈറസിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള ആരോഗ്യ സംവിധാനം രാജ്യത്ത് ഉണ്ടെന്നും അധികൃതർ പറഞ്ഞു. യുകെയിൽ 10 ഹെപ്പറ്റൈറ്റിസ്-സി കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അയർലണ്ടിലും സ്പെയിനിലും പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. യുകെയിൽ കുട്ടികളിലാണ് അജ്ഞാത കാരണങ്ങളാൽ ഹെപ്പറ്റൈറ്റിസ് വ്യാപകമായത്. നിരവധി കുട്ടികളിലാണ് ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവരിൽ ചിലർക്ക് കരൾ മാറ്റിവയ്ക്കൽ പോലും ആവശ്യമായി വന്നു. സ്കോട്ട്‌ലൻഡിൽ ഗുരുതരമായ പത്ത് ഹെപ്പറ്റൈറ്റിസ് കേസുകളാണ് ഏപ്രിൽ അഞ്ചിന് ബ്രിട്ടൻ റിപ്പോർട്ട് ചെയ്തത്. പിന്നീട് മൂന്ന് ദിവസത്തിനുശേഷം 74 കേസുകളും റിപ്പോർട്ട് ചെയ്തു. വരുംദിവസങ്ങളിൽ ഹെപ്പറ്റൈറ്റിസ് കേസുകളുടെ എണ്ണം വീണ്ടും കൂടുമെന്നാണ് കരുതുന്നത്. കോവിഡ് 19- നുമായി ബന്ധപ്പെട്ടതാണോ ഹെപ്പറ്റൈറ്റിസ് എന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. യുകെയിലും നോർത്തേൺ അയർലൻഡിലും ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തേക്കുള്ള യാത്രക്കാരുടെ വരവിന് നിയന്ത്രണങ്ങൾ കർശനമാക്കി എന്നതിനെക്കുറിച്ചോ യാത്രക്കാരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളോ, നിർദ്ദേശങ്ങളോ ആരോഗ്യ അധികാരികളിൽ നിന്ന് വിമാന സേവനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ പുറപ്പെടുവിച്ച സർക്കുലറിന് അനുസൃതമായി യാത്രക്കാരെ സ്വീകരിക്കുന്നത് വിമാനത്താവളം തുടരുന്നുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)