വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം
വാഹന ഇൻഷുറൻസ്
വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി.
തേർഡ് പാർട്ടി ഇൻഷുറൻസ്
വാഹനാപകടം മൂലം പൊതുജനങ്ങൾക്കോ അവരുടെ മുതലിനോ വസ്തുവകകൾക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് ഈ പോളിസിയിലൂടെ കവർ ചെയ്യുന്നത്. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം. എന്നാൽ വസ്തുവകകൾക്കു നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി സംഖ്യ 7.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
പാക്കേജ് പോളിസി
തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു കൂടി പരിരക്ഷ നൽകുന്നതാണ് പാക്കേജ് പോളിസ്. ബംപർ ടു ബംപർ, ഫുൾകവർ, നിൽ ഡിപ്രിസിയേഷൻ പോളിസി എന്നും ഇതിനെ പറയുന്നു. പാക്കേജ് പോളിസിയാണെങ്കിൽ വാഹനത്തിന്റെ എല്ലാം ഘടകങ്ങൾക്കും (ഫൈബർ, റബർ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കം) തേയ്മാനം കണക്കാക്കാതെ ഇൻഷുറൻസ് ലഭിക്കും. പാക്കേജ് പോളിസിയിൽ ക്ലെയിം ഉണ്ടായാൽ ഒരു നിശ്ചിത തുക വരെ ക്ലെയിം ചെയ്യാൻ പാടില്ല എന്ന നിബന്ധനയുണ്ട്. ഇതിനെ കംപൽസറി എക്സസ് എന്നാണു പറയുക. ഉദാ: സ്വകാര്യ കാറുകൾക്ക് 1000-1500 രൂപവരെ ക്ലെയിം നൽകാറില്ല.
തീപിടിത്തം, സ്ഫോടനം, സ്വയം തീപിടിക്കൽ, ഇടിമിന്നൽ, കളവ്, ജനക്ഷോഭം, പണിമുടക്ക്, ആകസ്മികമായ ബാഹ്യകാരണങ്ങൾ, ദ്രോഹപരമായ പ്രവൃത്തികൾ പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി മുതലായവ മൂലം വാഹനത്തിനു നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
പ്രീമിയം കണക്കാക്കുന്നത്
വാഹനങ്ങളെ ഇരുചക്രവാഹനം, സ്വകാര്യ കാറുകൾ, ടാക്സി, ഓട്ടോ, ചരക്കു വാഹനങ്ങൾ, യാത്രാവാഹനങ്ങൾ, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഓരോ വാഹനത്തിന്റെ ഐഡിവി അഥവാ കമ്പോള വിലയായിരിക്കും ഒന്നാമത്തെ മാനദണ്ഡം. ഇതിനു പുറമേ വാഹനത്തിന്റെ കപ്പാസിറ്റി, ഏത് ആവശ്യത്തിനുപയോഗിക്കുന്നു, കാലപ്പഴക്കം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാക്കേജ് പോളിസി അഥവാ ഫുൾ കവർ ഇൻഷുറൻസിൽ പ്രീമിയം നിശ്ചയിക്കുന്നത്. എന്നാൽ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതായതിനാൽ അതത് വാഹനങ്ങളുടെ പട്ടിക പ്രകാരമാണ് പ്രീമിയം അടയ്ക്കേണ്ടത്.
പ്രീമിയത്തിൽ കിഴിവുകൾ
തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ യാതൊരു വിധ കിഴിവുകളും ലഭ്യമല്ല. എന്നാൽ വാഹനവിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പ്രീമിയത്തിൽ ഓരോ കമ്പനിയും വിവിധങ്ങളായ കിഴിവുകളാണു നൽകുന്നത്. ഇത് ഏകദേശം 50 ശതമാനം വരെ വിപണിയിൽ ഇന്നു ലഭ്യമാണ്. അതിനാൽ വിവിധ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് താരതമ്യം ചെയ്തു നോക്കി വാങ്ങാവുന്നതാണ്. ഇതിനു പുറമേ ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ നോ ക്ലെയിം ബോണസിനും അർഹതയുണ്ട്. ഓട്ടോമൊബീൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വമുള്ളവർ, അന്ധർ, വികലാംഗർ, മാനസിക വൈകല്യമുള്ള വ്യക്തികൾ എന്നിവർക്കും ഇളവുകൾ ലഭ്യമാണ്. ഇക്കാര്യം ആർടിഒ റജിസ്ട്രേഷനിൽ വ്യക്തികൾ കാണിച്ചിരിക്കണം.
ഇൻഷുറൻസ് കാലാവധി
സാധാരണയായി ഒരു വർഷമാണ് പോളിസി കാലാവധി. എന്നാൽ ടൂ വീലർ വാഹനങ്ങൾക്ക് തുടർച്ചയായി മൂന്നു വർഷം വരെ ഇൻഷുർ ചെയ്യാൻ അവസരം നൽകുന്നുണ്ട്.
ഇൻഷുറൻസ് പുതുക്കൽ
ഏത് കമ്പനിയിൽ ഇൻഷുർ ചെയ്ത വാഹനമായാലും അത് പുതുക്കുമ്പോൾ ഇഷ്ടാനുസരണം മറ്റേത് കമ്പനിയിലേക്കും മാറ്റുവാൻ അവസരമുണ്ട്. ഫുൾ കവർ അഥവാ പാക്കേജ് പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയാൽ നിലവിലുള്ള നോ ക്ലെയിം ബോണസിന് അർഹത ഉണ്ടായിരിക്കും. ഏതു തരം വാഹനമായാലും ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ വാഹനം പരിശോധിച്ചശേഷമേ ഇൻഷുറൻസ് നൽകാറുള്ളൂ.
വാഹന ഇൻഷുറൻസ് രേഖകൾ
ഒരു പുതിയ വാഹനം ഷോറൂമിൽ നിന്നു പുറത്തിറങ്ങുമ്പോൾ സാധാരണയായി നൽകുന്ന രേഖയാണ് ഇൻഷുറൻസ് കവർ നോട്ട്. വാഹനം പുറത്തേക്കിറക്കുമ്പോൾ, ഈ കവർ നോട്ടിൽ എൻജിൻ, ഷാസി നമ്പർ എന്നിവ എഴുതിയിരിക്കണം. കവർ നോട്ടിന്റെ കാലാവധി പരമാവധി 60 ദിവസം വരെ മാത്രമേ നിലനിൽക്കൂ. ഇക്കാലയളവിൽ വാഹനം റജിസ്റ്റർ ചെയ്ത് റജിസ്ട്രേഷൻ നമ്പർ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും വാഹനത്തിന്റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പോളിസി എന്നിവ കൈപ്പറ്റുകയും വേണം. ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ വാഹന ഉടമ, വാഹനം എന്നിവയുടെ വിശദവിവരങ്ങൾ, ഇൻഷുറൻസ് കാലാവധി, ഇൻഷുർ ചെയ്ത തുക എന്നീ വിവരങ്ങൾ ഉണ്ടായിരിക്കും. പോളിസിയിൽ പോളിസി നിബന്ധനകളായിരിക്കും ഉണ്ടായിരിക്കുക.
ഡ്യൂപ്ലിക്കേറ്റ് പോളിസി
രേഖാമൂലമുള്ള അപേക്ഷ സഹിതം പോളിസി നൽകിയ ഇൻഷുറൻസ് കമ്പനിയെ സമീപിക്കുക. നിശ്ചിത ഫീസ് നൽകിയാൽ കമ്പനിയിൽ നിന്നു ഡ്യൂപ്ലിക്കേറ്റ് പോളിസി നൽകുന്നതാണ്.
ഇൻഷുറൻസ് ട്രാൻസ്ഫർ
ഒരു വാഹനം മറ്റൊരാൾക്കു വിൽക്കുമ്പോൾ നാം സ്വാഭാവികമായും പുതുതായി വാങ്ങുന്ന ആളിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റി എന്ന് ഉറപ്പു വരുത്തണം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റിയ ദിവസം മുതൽ 14 ദിവസത്തെ സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പോളിസിയും, പുതുതായി വാങ്ങിയ ആളിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയിൽ പോയി മാറ്റി എടുക്കണം. അല്ലാത്തപക്ഷം ക്ലെയിം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനിക്കു നിയമപരമായി ബാധ്യത ഇല്ല.
നോ ക്ലെയിം ബോണസ്
വാഹനത്തിന് ക്ലെയിം വരാതെ ഓടിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനി പ്രീമിയത്തിൽ നൽകുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഇത് ആദ്യവർഷം കഴിഞ്ഞാൽ 20 ശതമാനവും പിന്നീടുള്ള ഓരോ വർഷങ്ങളിൽ 25%, 35%, 45% 50% എന്നിങ്ങനെയും ലഭിക്കും. നിലവിലുള്ള വാഹനം മാറ്റി പുതിയ വാഹനം എടുക്കുമ്പോൾ പഴയ വാഹനം ഉപയോഗിച്ച ആളിന് പുതിയ വാഹനത്തിലേക്കു മുഴുവൻ എൻസിബിയും മാറ്റുവാൻ അവസരമുണ്ട്.
ഇൻഷുറൻസ് ലഭിക്കാത്ത സാഹചര്യങ്ങൾ
ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തിൽ വാഹനം ഓടിക്കുക, ഭൂമി ശാസ്ത്രപരമായ പരിധിക്കപ്പുറത്തുവച്ചുണ്ടാവുന്ന അത്യാഹിതങ്ങൾ / അപകടങ്ങൾ, നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുക, വാഹനത്തിന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ ബ്രേക്ക്ഡൗൺ സംഭവിക്കുക എന്നീ കാര്യങ്ങളിൽ ക്ലെയിമിന് അർഹത ഉണ്ടായിരിക്കുകയില്ല.
ഇൻഷുറൻസ് തുക
വാഹനത്തിന്റെ വിലയെ ഇൻഷ്വേഡ് ഡിക്ലയേർഡ് വാല്യു (ഐഡിവി) എന്നാണു പറയുന്നത്. മാർക്കറ്റ് വിലയെയും, വാഹനത്തിന്റെ പഴക്കത്തെയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന വിലയാണിത്. ഇതിന് വിപണന വിലയുമായി സാദൃശ്യമുണ്ടായിരിക്കും.
ക്ലെയിം ലഭിക്കാനുള്ള നടപടികൾ
ക്ലെയിം ലഭിക്കുന്നതിനായി (ക്ലെയിം ഇന്റിമേഷൻ) ക്ലെയിമിന്റെ വിശദവിവരങ്ങൾ കാണിച്ച് ഇൻഷുറൻസ് കമ്പനിക്കു കത്തു നൽകണം. കൂടാതെ ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. ഒപ്പം വാഹനത്തിന്റെ മറ്റു രേഖകളായ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും ഒറിജിനലിനോടൊപ്പം വാഹനത്തിന്റെ റിപ്പയർ എസ്റ്റിമേറ്റും വയ്ക്കണം. ആവശ്യമെങ്കിൽ പൊലീസ് എഫ്ഐആർ / ജിഡിആർ എന്നിവയും ഹാജരാക്കേണ്ടിവരും. അപകടങ്ങൾ മൂലം ഗുരുതരമായ പരുക്കുകൾ, അപകടമരണം എന്നിവയ്ക്കു ക്ലെയിം തീർപ്പാക്കുവാൻ എഫ്ഐആർ ആവശ്യമാണ്. അപകടമരണമാണെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നൽകേണ്ടതാണ്.
ഇൻഷുറൻസ്, ഓടിക്കുന്ന ആർക്കും!
ടുവീലർ / സ്വകാര്യ കാർ ഇൻഷുറൻസ് ചെയ്യുമ്പോൾ സാധാരണയായി വാഹനം ഓടിക്കുന്ന വ്യക്തിക്ക് / ഉടമയ്ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയാണു നൽകുന്നത്. ഇതിൽ, അപകട മരണം, സ്ഥിരവും പൂർണവുമായ വൈകല്യം എന്നിവയാണ് കവർ ചെയ്യുന്നത്.
സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് ആകെ ലഭ്യമാവുന്ന ഇൻഷുറൻസ് തുക രണ്ടുലക്ഷമാണ്. ഇതിലും അപകടമരണം, സ്ഥിരവും പൂർണവുമായ വൈകല്യം എന്നിവയാണ് കവർ ചെയ്യുന്നത്. എന്നാൽ മേൽപ്പറഞ്ഞ രണ്ടിലും ഒരുലക്ഷം/ രണ്ടുലക്ഷം തുകയ്ക്ക് 50 / 100 രൂപ അധിക പ്രീമിയം അടച്ച് പോളിസി എടുക്കാവുന്നതാണ്. പക്ഷേ, ഒന്നോർക്കുക, നിങ്ങളെ അപകടത്തിലാക്കിയ വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല.
ക്ലെയിം ഡിപ്രിസിയേഷൻ
അപകടം സംഭവിക്കുന്നതിന് തൊട്ടു മുൻപ് വാഹനം ഇരുന്ന അവസ്ഥയിലേക്ക് അത് എത്തിക്കാൻ ഉള്ള ചെലവാണ് ഇൻഷുറൻസിലൂടെ കമ്പനി ഏറ്റെടുക്കുന്നത്. അപകടം സംഭവിച്ച സമയത്ത് വാഹനത്തിന്റെ പഴക്കം അനുസരിച്ച് പുതിയ ഘടകങ്ങൾക്ക് ഒരു നിശ്ചിത ശതമാനം ഇളവ് (ഡിപ്രിസിയേഷൻ) കണക്കാക്കും ഇത് താഴെപ്പറയും വിധമാണ്.
ഗ്ലാസ് (വിൻഡ് ഷീൽഡ്, ഡോർ, ഗ്ലാസ് തുടങ്ങിയവ) .. ഇല്ല
ഫൈബർ ഗ്ലാസ് ഘടകങ്ങൾ ………………………………………. 30%
റബർ, പ്ലാസ്റ്റിക് ഘടകങ്ങൾ ……………………………………… 50% ലോഹനിർമിത ഘടകങ്ങൾ
(വാഹനത്തിന്റെ പഴക്കമനുസരിച്ച്)
0–6 മാസം ………………………………………………………………………… ഇല്ല
6 മാസം – 1 വർഷം ……………………………………………………….. 05%
1 വർഷം – 2 വർഷം ……………………………………………………… 10%
2 വർഷം – 3 വർഷം ……………………………………………………… 15%
3 വർഷം – 4 വർഷം ……………………………………………………… 25%
4 വർഷം – 5 വർഷം ……………………………………………………… 35%
5 വർഷം – 10 വർഷം ……………………………………………………. 40%
10 വർഷത്തിനു മുകളിൽ ……………………………………………….. 50%
പെയിന്റിങ് ചാർജിന്റെ 25% പെയിന്റ് വിലയായി കണക്കാക്കുന്നു. ഇതിന്റെ 50% അതായത് ആകെ തുകയുടെ 12.5 ശതമാനമാനം ഡിപ്രിസിയേഷൻ.
വാഹനം അപകടസമയത്തിനു തൊട്ടു മുൻപ് ഇരുന്ന അവസ്ഥ അല്ലാതെ അതിലും മെച്ചമായ അവസ്ഥയിലേക്ക് എത്തുന്ന റിപ്പയർ അനുവദിക്കാൻ സാധിക്കാത്തതിനാലാണ് ഡിപ്രിസിയേഷൻ കണക്കാക്കുന്നത്.
വാഹനം കളവു പോയാൽ
സംഭവം നടന്ന സ്ഥലത്തിന്റെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. പൊലീസ് വന്നു സംഭവ സ്ഥലം പരിശോധിക്കുകയും എഫ്ഐആർ തയാറാക്കുകയും വേണം. ഒട്ടും താമസിയാതെ തന്നെ വിവരം ഇൻഷുറൻസ് കമ്പനിയെയും അറിയിക്കണം. കമ്പനിയിൽ നിന്നു നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ചു നൽകിയാൽ ക്ലെയിം തുക തിട്ടപ്പെടുത്താനായി ഇൻഷുറൻസ് കമ്പനി സർവേയറെ നിയോഗിക്കുന്നതാണ്. ഇതിനു പുറമേ ചിലപ്പോൾ ഇൻഷുറൻസ് ഇൻവെസ്റ്റിഗേറ്റർമാർ രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സാധനസാമഗ്രികൾ വാങ്ങിയ ബില്ലുകൾ, ബാങ്ക്, വാണിജ്യ നികുതി ഓഫിസ് എന്നിവിടങ്ങളിൽ നൽകിയ റിപ്പോർട്ടുകൾ, സ്വന്തമായി തയാറാക്കിയ കണക്കുകൾ എന്നിവയാണ് രേഖകളായി പരിഗണിക്കുക. നോൺ ട്രെയ്സബിൾ സർട്ടിഫിക്കറ്റ് 180 ദിവസം കഴിഞ്ഞാൽ പൊലീസിൽ നിന്നു ലഭ്യമാവുന്ന മുറയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കുകയും വേണം.
അപകടം നടന്നാൽ
വാഹനം ഏതു വിഭാഗത്തിൽ പെട്ടതായാലും ആരുടെ ഭാഗത്താണോ തെറ്റ് അതായിരിക്കണം രേഖകളിൽ വരേണ്ടത്. ഓടിച്ച ആൾ മദ്യപിച്ചിരുന്നുവെങ്കിൽ അതും റിപ്പോർട്ടിൽ ഉണ്ടായിരിക്കണം. ആശുപത്രികളുമായി ഇക്കാര്യത്തിൽ വ്യക്തമായ ധാരണ വേണം. ലൈസൻസ് ഉണ്ടോ, ലൈസൻസ് കാലാവധി കഴിഞ്ഞതാണോ പരിധിയിലധികം ഭാരം കയറ്റിയിരുന്നോ, കൂടുതൽ ആളുകളെ കയറ്റിയിരുന്നോ എന്നിവയെല്ലാം രേഖപ്പെടുത്തണം. വാഹനത്തിന്റെ അനുബന്ധ രേഖകൾ, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് ടാക്സ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ പ്രത്യേകം പരിശോധിക്കുകയും ചാർജ് ഷീറ്റിനോടൊപ്പം മേൽപറഞ്ഞ രേഖകളുടെ ഫോട്ടോ കോപ്പി വയ്ക്കുകയും വേണം. എഫ്ഐആറിന് എത്രത്തോളം കാലതാമസം വരുന്നുവോ അത്രത്തോളം തന്നെ കൃത്രിമങ്ങളും നടക്കുന്നതായി കാണുന്നുണ്ട്. ആൾമാറാട്ടം നടക്കുക, വാഹനം തന്നെ മാറ്റിമറിക്കുക തുടങ്ങിയ കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നു കൃത്യമായി നോക്കണം.
എംഎസിടി കേസുകൾ
ഒരു വാഹനാപകടമുണ്ടായാൽ അവരെ വശീകരിക്കാനുള്ള റാക്കറ്റുകൾ തന്നെ ഇന്നു വിപണിയിലുള്ള കാര്യം നമുക്ക് അറിയാവുന്നതേയുള്ളൂ. അപകടത്തിൽ പെട്ട് മാരകമായ പരുക്കുകൾ, അംഗവൈകല്യം, മരണം എന്നിവ സംഭവിക്കുമ്പോഴാണ് സാധാരണയായി നഷ്ടപരിഹാരത്തുക ലഭിക്കുക. ക്ലെയിം തുക എത്രയും വേഗം കിട്ടുക എന്നത് ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒന്നാണ്. എന്നാൽ എട്ടും പത്തും വർഷങ്ങൾ കോടതി കയറിയതുകൊണ്ട് വലിയ പ്രയോജനമൊന്നും കിട്ടാതെ പോവുന്ന അവസ്ഥയാണിന്നുള്ളത്. ഇൻഷുറൻസ് കമ്പനികൾക്ക് ഫാസ്റ്റ് ട്രാക്കിലൂടെ കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ഇന്നു സാധ്യതയുണ്ട്. ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ് എന്നാണിതിനു പറയുക. എല്ലാ മാസവും അദാലത്തുകൾ നടത്തി കേസുകൾ തീർപ്പാക്കുന്നുണ്ട്. വസ്തുതകൾ മറച്ചു വയ്ക്കാതെ കാര്യങ്ങൾ സുതാര്യമായി ചെയ്താൽ ക്ലെയിം കിട്ടുന്നവർക്കും തീർപ്പാക്കുന്നവർക്കും സൗകര്യമായിരിക്കും എന്നത് ഓർക്കുക. ചാർജ് ഷീറ്റിൽ എഴുതുന്ന കാര്യങ്ങൾ അതിനോടനുബന്ധിച്ച രേഖകൾ, എഫ്ഐആർ എന്നിവ ശരിയായ വിധത്തിലാണെങ്കിൽ എളുപ്പത്തിൽ കാര്യങ്ങൾ നടപ്പിലാക്കാനാകും.
ചെറിയ ക്ലെയിമുകൾ
വാഹനത്തിനു ചെറിയ അപകടങ്ങൾ ഉണ്ടായാൽ ആദ്യം വേണ്ടത് ഇതിന് റിപ്പയർ ചെയ്യാൻ എത്ര തുക വേണ്ടിവരുമെന്ന് അറിയുക എന്നതാണ്. കുറഞ്ഞ തുകയാണെങ്കിൽ ക്ലെയിം ചെയ്യാതിരിക്കുക. ഇതുകൊണ്ടുള്ള ഗുണമെന്തെന്നുവച്ചാൽ നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതിരിക്കും. നിലവിൽ വലിയ തുക നോ ക്ലെയിം ബോണസായി ലഭിക്കുന്നുവെങ്കിൽ അത്ര തുക വരെയോ അതിനെക്കാൾ കുറച്ചു കൂടുതൽ തുകയോ യാതൊരു കാരണവശാലും ക്ലെയിം ചെയ്യരുത്.
പ്രീമിയം ഡിസ്കൗണ്ട്
ഇന്ത്യയിൽ വാഹന ഇൻഷുറൻസ് മേഖലയിൽ ഡീ താരിഫ് നിലവിലുള്ളതിനാൽ വിവിധ കമ്പനികളുടെ പ്രീമിയത്തിൽ 60 ശതമാനത്തോളം ഡിസ്കൗണ്ട് ഇന്നു വിപണിയിൽ ലഭ്യമാണ്. അതിനാൽ താരതമ്യം ചെയ്ത ശേഷം മാത്രം പോളിസി വാങ്ങുക. ഒരു വാഹനം ഇൻഷുർ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഒരു തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെടാനിടയുണ്ട്. കമ്പനി, പോളിസി, ഇൻഷുർ ചെയ്യുന്ന വ്യക്തി, സ്ഥാപനം ഇവയെ തിരഞ്ഞടുക്കുമ്പോഴും മേൽപ്പറഞ്ഞവരുടെ പ്രഫഷണലിസം, സേവന നിലവാരം, പോളിസിയിലെ കവറേജുകൾ, പ്രീമിയം നിരക്ക് എന്നിവർക്കു മുൻഗണന നൽകിയാൽ നല്ലതാണ്.
Comments (0)