സംയുക്ത സേനാ മേധാവിബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13
കോയമ്പത്തൂർ ∙ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
Comments (0)