
കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് സാൽമിയയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് ജനസംഖ്യ 49 ലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. കൊവിഡ് കാലത്തെ വിസ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് ശേഷം അടുത്ത കാലത്തായി വിദേശികളുടെ വരവിലുണ്ടായ വർധനവാണ് ജനസംഖ്യ നേരിയ തോതിൽ കൂടാൻ കാരണമായത്.രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 31 ശതമാനം കുവൈറ്റികളാണ്. അതേസമയം കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ തന്നെ. ജനസംഖ്യയുടെ 20 ശതമാനമാണ് ഇന്ത്യക്കാർ. 13 ശതമാനമുള്ള ഈജിപ്തുകാരാണ് തൊട്ടുപിറകിൽ.ലിംഗാനുപാതത്തിന്റെ കാര്യത്തിൽ രാജ്യത്തെ ജനസംഖ്യയിൽ വലിയ അന്തരമില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ ഏതാണ്ട് 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. എന്നാൽ പ്രവാസികളുടെ കാര്യത്തിൽ ഇക്കാര്യത്തിൽ സ്വാഭാവികമായും വലിയ അന്തരമുണ്ട്. പ്രവാസി ജനസംഖ്യയുടെ 66 ശതമാനവും പുരുഷന്മാരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരും 15നും 64നും ഇടയിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 15 വയസ്സിന് താഴെയുള്ളവർ 17 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ മൂന്ന് ശതമാനവുമാണ്.
രാജ്യത്തെ 2,247,029 തൊഴിലാളികളിൽ 23 ശതമാനം (517,022 പേർ) പൊതു മേഖലയിലും 77 ശതമാനം (1,730,007 പേർ) സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പൊതുമേഖലയിൽ 77.52 ശതമാനം കുവൈറ്റ് പൗരൻമാരാണ്. അതേസമയം സ്വകാര്യമേഖലയിൽ കുവൈറ്റ് പൗരൻമാർ 4.1 ശതമാനം മാത്രമാണ്. സ്വകാര്യ മേഖലയിൽ 31.1 ശതമാനത്തോടെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. 25.4 ശതമാനമായി ഈജിപ്തുകാർ തൊട്ടുപിറകിലുണ്ട്. പൊതുമേഖലയിലെ വിദേശി ജീവനക്കാരിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ- 4.42 ശതമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)