Posted By Editor Editor Posted On

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക സേവനത്തെക്കുറിച്ചുള്ള ഓർമയും സന്തോഷവും പങ്കുവയ്ക്കുകയാണ് കുവൈത്തിലെ ഈ പ്രവാസി മലയാളികൾ. 1990 ഓഗസ്റ്റ് 2ന് സദ്ദാം ഹുസൈനിന്റെ ഇറാഖി പട്ടാളം കുവൈത്ത് കീഴടക്കിയതിന്റെ പരിഭ്രാന്തിയിൽ ആയിരുന്നു ഇന്ത്യ. പ്രവാസി ഇന്ത്യക്കാർ എല്ലാവരും സുരക്ഷിതരാണെന്ന സുപ്രധാന സന്ദേശം ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഈ മലയാളികളായിരുന്നു. കൊല്ലം സ്വദേശിയായ ജേക്കബ് തോമസ് കടകംപള്ളി, രഘുനാഥൻ നായർ ,സജി, ജോർജ് പണിക്കർ എന്നീ നാലുപേരായിരുന്നു കുവൈത്ത്–ഇറാഖ് യുദ്ധനാളിൽ‌ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് ഇന്ത്യയുമായുള്ള ആശയ വിനിമയത്തിന് തുണയായത്. നാലു പേരിൽ ജോർജ് പണിക്കർ ഇന്ന് ജീവിച്ചിരിപ്പില്ല.

∙ വെല്ലുവിളികളേറെ, ഒടുവിൽ വിജയം
മുഴുവൻ റോഡുകളും ഇറാഖി പട്ടാളക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. കുവൈത്തിൽ കനത്ത നാശം വിതച്ച് രൂക്ഷമായ യുദ്ധത്തെ തുടർന്ന് ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി. അന്ന് ഇഷ്ത്തിക്‌ലാൽ സ്ട്രീറ്റിൽ ആയിരുന്നു കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യയിലേക്ക് വിവരങ്ങൾ കൈമാറാൻ കഴിയാത്തതിനാൽ എല്ലാവരും പരിഭ്രാന്തിയിലായ നാളുകൾ. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായുള്ള ആശയ വിനിമയം പൂർവസ്ഥിതിയിലാക്കാൻ എംബസി പലരീതിയിൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇക്കാര്യം അറി​ഞ്ഞതോടെയാണ് കൊല്ലം സ്വദേശിയായ ജേക്കബ് തോമസ് കടകംപള്ളിയും സുഹൃത്തുക്കളായ രഘുനാഥൻ നായർ ,സജി, ജോർജ് പണിക്കർ എന്നിവർ എംബസിയിൽ നേരിട്ട് ചെന്നത്. അന്ന് ഹമൂർ ഇലക്ട്രോണിക്‌സ് എന്ന കമ്പനിയിൽ വയർലെസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ജേക്കബ് തോമസ് ആണ് ഹാം റേഡിയോ മുഖേന കമ്യൂണിക്കേഷന് ശ്രമിക്കാമെന്ന് അന്നത്തെ സ്ഥാനപതിയായിരുന്ന ബുദ്ധിരാജായോട് നിർദേശം മുന്നോട്ടു വെച്ചത്. അദ്ദേഹമത് സമ്മതിച്ചെങ്കിലും കടമ്പകൾ ഏറെയായിരുന്നു.റോഡ് മുഴുവൻ ഇറാഖി സേനകൾ വളഞ്ഞിരിക്കുന്നതിനാൽ ആന്റിനാ,കോപ്പർ വയർ,ഹാം റേഡിയോകൾ എംബസിയിൽ എത്തിക്കുക എന്നത് വെല്ലുവിളിയായിരുന്നു. നാലു പേരും ചേർന്ന് നിസാൻ സണ്ണി കാറിൽ ആന്റീനയും കോപ്പർ വയറുകളും റേഡിയോകളും വാഹനത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ച് ഇഷ്ത്തിക്‌ലാലിലുള്ള എംബസി ആസ്ഥാനത്ത് എത്തിച്ചു. ഹാം റേഡിയോയിൽ ആദ്യം തുർക്കി അങ്കാരയിൽ നിന്ന് സിഗ്‌നൽ ലഭ്യമായി.എന്നാൽ, അറബിക് മാത്രം കൈകാര്യം ചെയ്യുന്ന ആളായിനാൽ ആശയവിനിമയം സാധ്യമായില്ല. പിന്നീട് ടോക്കിയോയിലുള്ള ഇംഗ്ലിഷ് ഭാഷ അറിയാവുന്ന ഒരാളെയാണ് ഭാഗ്യവശാൽ കിട്ടിയത്. കൃത്യമായി വിവരം ധരിപ്പിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയുമായി സ്ഥാനപതി ബന്ധപ്പെട്ട് സന്ദേശം അയയ്ക്കാനായി ഹാം റേഡിയോ ഫ്രീക്വൻസി സെറ്റ് ചെയ്യാൻ ജപ്പാൻ എംബസി വഴി ഡൽഹിയിൽ ആവശ്യപ്പെട്ടു.

ഇതു പ്രകാരം ഡൽഹിയിൽ ഹാം റേഡിയോ സെറ്റ് ചെയ്തിനെ തുടർന്നാണ് അന്നത്തെ വിദേശകാര്യ വകുപ്പ് മന്ത്രി ഐ.കെ ഗുജ്‌റാളിനെ ബന്ധപ്പെട്ട് കുവൈത്തിലുള്ള ഇന്ത്യക്കാർ എല്ലാം പൂർണ്ണ സുരക്ഷിതമാണെന്ന് അറിയിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇത് സാധ്യമായത്. മറ്റൊരു രാജ്യക്കാർക്കും ആശയവിനിമയം നടക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഐ.കെ ഗുജ്‌റാൾ കുവൈത്തിലെത്തി ചർച്ച നടത്തി. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നീക്കം ആരംഭിച്ചു. എന്നാൽ, അപ്പോഴേയ്ക്കും കുവൈത്തിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പൂട്ടി. ഒരു രാജ്യത്ത് ഒരു എംബസിക്ക് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന കാരണത്താലായിരുന്നു അത്.പിന്നീട് ,ഇറാഖിലെ ബസ്രയിലാണ് ക്യാംപ് ഓഫിസ് പ്രവർത്തിപ്പിച്ചിരുന്നത്. അന്ന് 1,70,000 ഇന്ത്യക്കാർ കുവൈത്തിൽ ഉണ്ടായിരുന്നു.

മാത്തുണ്ണി മാത്യൂസിന്റെ(ടയോട്ട സണ്ണി) നേത്യത്വത്തിലാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചത്. എംബസിയുടെ സ്റ്റാമ്പ് അടക്കം ടയോട്ട സണ്ണിയെ ഏൽപ്പിച്ചിരുന്നു.സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലും ഹാം റേഡിയോ സ്ഥാപിച്ച് നൽകി. അതുവഴിയാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതെന്ന് ജേക്കബ് തോമസ് ഓർക്കുന്നു.

റോഡ് മാർഗ്ഗം കുവൈത്ത്- അബ്ദലി അതിർത്തി വഴി ജോർദാനിൽ ചെന്ന് അവിടെ നിന്നായിരുന്നു ഇന്ത്യയിലേക്ക് ആളുകുളുടെ മടക്കം. അതുപോലെതന്നെ കപ്പൽ മാർഗം ഇറാഖിലെ ഓം ഖസർ പോർട്ടിൽ നിന്ന് ദുബായിലേക്ക്. അവിടുന്ന് മുബൈയിലേക്കാണ് കൊണ്ടുപോയിരുന്നത്.

യുദ്ധം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്ന വഴി ജേക്കബ്തോമസ് ബസ്രയിലെ ക്യാംപിലെത്തി സ്ഥാനപതി ബുദ്ധിരാജയെ സന്ദർശിച്ചപ്പോൾ യുദ്ധസമയത്ത് ഇന്ത്യാ-കുവൈത്ത് ആശയവിനിമയം സാധ്യമാക്കിയതിന് പ്രത്യേകം അഭിനന്ദിച്ചുകൊണ്ടുള്ള കത്തും ലഭിച്ചെന്ന് ജേക്കബ് തോമസ് പറഞ്ഞു. 1984 -മുതൽ കുവൈത്ത് പ്രവാസിയാണ് ജേക്കബ് തോമസ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *