Posted By Editor Editor Posted On

കഷായമേതെന്ന് ഷാരോൺ ചോദിച്ചു, മരണംവരെ ​ഗ്രീഷ്മ മറച്ചുവെച്ചു; പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യാഭീഷണി: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി

പാറശാല സ്വദേശി ഷാരോണിനെ കാമുകി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഗ്രീഷ്മക്കൊപ്പം അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരനെന്ന് തെളിഞ്ഞപ്പോൾ അമ്മ സിന്ധുവിനെ വെറുതേ വിട്ടു. ശിക്ഷ നാളെ വിധിക്കും. ഷാരോൺരാജിന്റെ കൊലപാതകത്തിൽ നിർണായകമായത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പതോളജി വിഭാഗം മേധാവിയുടെ മൊഴി. മരണകാരണം ഗ്രീഷ്മ കഷായത്തിൽ കലർത്തിനൽകിയ പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനിയാണെന്ന് ഡോ. ജെയ്മി ആനന്ദൻ മൊഴി നൽകിയിരുന്നു. കേസ് പരിഗണിച്ച നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീറിനു മുമ്പാകെയാണ് ജെയ്മി ആനന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിൽ മരിച്ച ഷാരോൺരാജിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ പതോളജി ലാബിലാണ് പരിശോധിച്ചത്.പാരക്വിറ്റ് ഡൈക്ലോറൈഡ് ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കി. ഛർദിയിൽ പച്ച നിറമുണ്ടായിരുന്നുവെന്ന് അന്വേഷണഘട്ടത്തിൽ ഷാരോണിനെ പരിശോധിച്ച ഡോക്ടർ മൊഴിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാപിക് എന്ന ബ്രാൻഡ് പേരുള്ള പാരക്വിറ്റ് ഡൈക്ലോറൈഡ് കളനാശിനിയാണ് ഉള്ളിൽചെന്നതെന്ന് വ്യക്തമായത്. ഛർദിയിലോ മൂത്രത്തിലോ ഇരുണ്ടനിറം വരണമെങ്കിൽ വൃക്ക, കരൾ എന്നിവയെ ബാധിക്കണമെന്ന സംശയം ഉണ്ടായി. നിറത്തിന്റെ അടിസ്ഥാനത്തിൽ അത് കോപ്പർ സൾഫേറ്റ് ആണോയെന്ന് പരിശോധിച്ചെങ്കിലും പിന്നീട് അതല്ലെന്ന് മനസിലായി. വീടിന് പുറത്തുനിന്ന് കാപിക്കിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെയാണ് ഈ വഴിക്ക് അന്വേഷണം നീങ്ങിയത്.ബന്ധുക്കൾ സംശയം ഉയർത്തിയതോടെ പെൺകുട്ടി പലരോടും ആത്മഹത്യാഭീഷണി മുഴക്കി. തന്നെ തെറ്റുകാരിയാക്കാൻ ശ്രമിച്ചാൽ താനും മരിക്കുമെന്നായിരുന്നു ഭീഷണി. താനൊരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കുടുംബക്കാരോട് കരഞ്ഞുകൊണ്ട് പറയുകയും ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *