നാട്ടിലേക്ക് പോകാനാകാതെ രണ്ട് വര്‍ഷം, ‘പട്ടിണിക്കിട്ട് കൊന്നുകളയുമെന്ന് ഭീഷണി’; ഗൾഫിലെ മകന്റെ ദുരിതജീവിതം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കി
‘നിരപരാധിയായ ഒരാളെ ഇത്രമാത്രം ദ്രോഹിക്കുന്ന ക്രൂരത ആരിൽ നിന്നുമുണ്ടാകരുത്.. ഇതുകൊണ്ടൊന്നും ആർക്കും നേട്ടമുണ്ടാകാൻ പോകുന്നില്ല’, ഒമാനില്‍ ദുരിതജീവിതം നയിക്കുന്ന മലയാളിയായ വിഷ്ണുവിന്റെ വാക്കുകളാണിത്. കൊല്ലം സ്വദേശിയായ കമ്പനി ഉടമ തന്നെ കള്ളക്കേസില്‍ കുടുക്കിയതായി കൊല്ലം കടയ്ക്കൽ കാരിയം സ്വദേശി വിഷ്ണു സതീഷ് ബാബു (35) പരാതി നല്കി. അവസാനമായി മരണപ്പെട്ട പിതാവിന്റെ മുഖവും വിഷ്ണുവിന് കാണാനായില്ല. മകന്റെ ദുരിതജീവിതം താങ്ങാനാകാതെയാണ് ഹൃദ്രോഗിയായ പിതാവ് സതീഷ് ബാബു ജീവനൊടുക്കിയത്. നേരത്തെ 28 വർഷത്തോളം ഒമാനില്‍ ഡ്രൈവറായിരുന്ന വിഷ്ണുവിന്റെ പിതാവ് സതീഷ് ബാബു (65) ഈ മാസം 11 നായിരുന്നു വീട്ടിൽ ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി വിഷ്ണു കുടുംബത്തെ കണ്ടിട്ടില്ല. സതീഷ് ബാബു മരിക്കുന്നതിന് ഒരാഴ്ച മുൻപ് വിഷ്ണുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ‘തന്റെ കാര്യമോർത്ത് അച്ഛൻ വല്ലാതെ വിഷമിക്കുന്നതായി മനസിലായി സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ഒരു മകനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും’ വിഷ്ണു പറയുന്നു. ഒമാൻ ലേബർ കോടതിയിൽ കേസുള്ളതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാകില്ല. അതുകൊണ്ട് അച്ഛന്റെ മരണാനന്തര ചടങ്ങിൽ പോലും വിഷ്ണുവിന് പങ്കെടുക്കാനായില്ല.
2014 മുതല്‍ ഒമാനില്‍ ജോലി ചെയ്യുന്ന വിഷ്ണു 2017 ലാണ് കൊല്ലം കല്ലമ്പലം സ്വദേശി ജയറാം എന്നയാളുടെ സ്പെയര്‍ പാര്‍ട്സ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ചത്. 2019 ആയപ്പോഴേയ്ക്കും അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിയില്ലെന്നും സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തോളാനും കമ്പനി അധികൃതർ വിഷ്ണുവിനോട് നിർദേശിച്ചു. വലിയ ട്രക്കുകളുടെ സ്പെയർ പാർട്സുകൾ വിൽക്കുന്ന സ്ഥാപനമായതിനാൽ ഇതേക്കുറിച്ച് പഠിച്ചവർക്ക് മാത്രമേ സെയിൽസ് വിഭാഗത്തില്‍ ജോലി ചെയ്യാൻ കഴിയുകയുള്ളൂവെന്ന കാര്യം അറിയിച്ചു. മറ്റു കാര്യങ്ങളെല്ലാം നോക്കുന്ന ബ്രാഞ്ച് ഇൻചാർജായി നിന്നോളൂ എന്നായിരുന്നു കമ്പനിയുടെ മറുപടി. വിഷ്ണുവിന്റെ പ്രധാന ജോലി പുതിയ ഉപയോക്താക്കളെ കണ്ടെത്തുകയായിരുന്നു. നാല് വർഷത്തോളം അവിടെ ജോലി ചെയ്തതോടെ ഹെവി സ്പെയർപാർട്സുകൾ വിൽക്കുന്ന ഇതര സ്ഥാപനങ്ങളിൽനിന്ന് വിഷ്ണുവിന് ജോലി ഓഫറുകൾ ലഭിച്ചു. മെച്ചപ്പെട്ട ജോലിയിലേയ്ക്ക് മാറാമെന്ന് കരുതി 2023 മാർച്ച് 20ന് വിഷ്ണു കമ്പനിക്ക് രാജിക്കത്ത് നൽകി. ‘രാജി ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാം തന്റെ ജോലിയുടെ ഭാഗമല്ലാത്ത സ്റ്റോക്കെടുക്കണമെന്ന് സ്ഥാപന അധികൃതര്‍ ആവശ്യപ്പെട്ടതെന്ന്’ വിഷ്ണു പറയുന്നു. സ്റ്റോക്കിൽ ഒന്നും ശ്രദ്ധിക്കേണ്ടെന്ന് നേരത്തെ വിലക്കിയിരുന്നതിനാൽ അതിന്റെ ആവശ്യമുണ്ടോയെന്ന് വിഷ്ണു ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടമായില്ല. വിഷ്ണുവിന് പകരം ജോലിക്കെത്തിയ പ്രദീപും കമ്പനി പിആർഒ യൂസഫും ഇറക്കിവിട്ടു. ഇതിന് ശേഷമായിരുന്നു കണക്കിൽ 32,0000 റിയാൽ കുറവുണ്ടെന്ന് അറിയിച്ചത്. ഒന്നരമാസത്തോളം താമസസ്ഥലത്ത് കാത്തിരുന്നെങ്കിലും കമ്പനി വിഷ്ണുവിന്റെ വിസ കാൻസൽ ചെയ്തിട്ടില്ല. അതേസമയം, 32,0000 റിയാൽ തിരിമറി നടത്തിയെന്ന് വ്യാജ രേഖകളുണ്ടാക്കി തൊഴിൽ കോടതിയിൽ തനിക്കെതിരെ കേസ് ഫയൽ ചെയ്തെന്ന് വിഷ്ണു പറഞ്ഞു. സിഐഡിയെക്കൊണ്ട് പിടിപ്പിക്കാൻ നോക്കിയെങ്കിലും സുഹൃത്തിന്റെ താമസസ്ഥലത്തേയ്ക്ക് മാറിയതിനാൽ പിടിയിലായില്ല. കേസ് ഫയൽ ചെയ്തതോടെ യാത്രാ വിലക്കുണ്ടായതിനാൽ ജോലി മാറ്റവും നാട്ടിലേയ്ക്കുള്ള മടക്കയാത്രയും മുടങ്ങി. ‘ഒരിക്കലും നാട്ടിലേയ്ക്ക് വിടില്ലെന്നും പട്ടിണി കിടത്തി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി’ വിഷ്ണു പറഞ്ഞു. വിഷ്ണുവിന്റെ പിതാവ് സതീഷ് ബാബുവും ഭാര്യയും പലപ്രാവശ്യം ജയറാമിന്റെ നാട്ടിലെ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ യുവാവായ മകൻ മാനസികമായി തളർത്തിയും അപമാനിച്ചും ആട്ടിയകറ്റി. തന്റെ ആകെയുള്ള സമ്പാദ്യമായ വീടും പറമ്പും വിറ്റിട്ടാണെങ്കിലും തിരിമറി നടത്തി എന്ന് കള്ളപ്പരാതി നൽകിയ പണം തിരിച്ചുനൽകാമെന്നും മകനെ വെറുതെവിടണമെന്നും പറഞ്ഞെങ്കിലും വൈരാഗ്യത്തോടെയായിരുന്നു ഈ വയോധികനോടും സ്ത്രീയോടും പെരുമാറിയത്. പിതാവിനെ പിടിച്ചു തള്ളുകപോലും ചെയ്തെന്ന് വിഷ്ണു പറഞ്ഞു. മാനസിക വിഷമം താങ്ങാനാകാതെ സതീഷ് ബാബുവിന് ഹൃദയാഘാതമുണ്ടാകുകയും രക്ഷപ്പെടുകയുമായിരുന്നു. പിന്നീട്, ആശുപത്രി വിട്ടെങ്കിലും മാനസികവിഷമം താങ്ങാനാകാതെ വീട്ടിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. കടയ്ക്കൽ പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വിഷ്ണുവിന്റെ കുടുംബം. ഒന്‍പത് വയസുകാരനായ മകനാണ് വിഷ്ണുവിനുള്ളത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)