Posted By Editor Editor Posted On

ഉറക്കമുണർന്ന് സ്വിച്ചിട്ടതോടെ വലിയ പൊട്ടിത്തെറി; പാചകവാതകം ചോർന്ന് തീപിടിത്തം, പ്രവാസി മലയാളി ഗൾഫിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി (48) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഉറങ്ങാൻ കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണർന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടപ്പോൾ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ധങ്ങൾ മൂലം രണ്ടര വർഷം മുൻപാണ് സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയത്. രണ്ടു പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു. പഠനം പൂർത്തീകരിച്ച ഇളയ മകളുടെ വിവാഹം നടത്തണം, കെട്ടുറപ്പുള്ള നല്ല വീട് അടക്കമുള്ള നിരവധി ആവശ്യങ്ങളും സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് അസീസ് പ്രവാസിയാവുന്നത്. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യ അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.അപകട വിവരമറിഞ്ഞ് ദമ്മാമിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മരുമകൻ അൻസർ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് എത്തിചേർന്നിട്ടുണ്ട്. ഭാര്യ: ഷീജ, മക്കൾ: ജാസ്മിൻ, തസ്നി, മരുമകൻ: അൻസർ (സൗദി). നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ സംസ്കരിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ ഷാജി വയനാട് രംഗത്തുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *