ഗൾഫിൽ പണമിടപാടുകൾ നടത്തി മുങ്ങി, സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി. സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക നിഗമനം. എയർ അറേബ്യ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു സന്ദേശം. വിമാനത്തിൽ ഒരു പ്രത്യേക യാത്രക്കാരനുണ്ട്, ഇയാളുമായി പുറപ്പെട്ടാൽ ആകാശത്തുവെച്ച് വിമാനം പൊട്ടിത്തെറിക്കും. ഇയാളോടൊപ്പം മറ്റ് യാത്രക്കാരും മരിക്കും, അതിനാൽ യാത്ര റദ്ദാക്കണമെന്നും സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം ഡയറക്ടർക്കാണ് സന്ദേശം ലഭിച്ചത്. കുറേക്കാലമായി ദുബായിൽ ജോലിചെയ്തിരുന്ന ആളാണ് ഇജാസ്. അവിടെ നിന്ന് പലരോടും കടം വാങ്ങിയിരുന്നു. തുടർന്ന്, ഉടനെ തിരിച്ചുവരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. എന്നാൽ, തിരിച്ചുപോകാത്തതിനെത്തുടർന്ന് കടം നൽകിയവർ ഇജാസിനെ തിരിച്ചെത്തിക്കാൻ വിമാനടിക്കറ്റടക്കം എടുത്തുനൽകുകയും ചെയ്തു. സന്ദേശമയച്ച അതേ ദിവസമായിരുന്നു ഇയാൾ തിരിച്ചുപോകേണ്ടിയിരുന്നത്. മടങ്ങിപ്പോകാൻ താത്പര്യമില്ലാതിരുന്ന ഇയാൾ, ഈ യാത്ര മുടക്കാൻ വേണ്ടിയാണ് വ്യാജസന്ദേശമയച്ചതെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവള ഡയറക്ടറുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. അന്വേഷണത്തിൽ ഇജാസാണ് പ്രതിയെന്ന് കണ്ടെത്തി. സ്വന്തം മെയിൽ ഐഡിയിൽ നിന്നു തന്നെയാണ് ഇയാൾ സന്ദേശം അയച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇജാസിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)