Posted By Editor Editor Posted On

അര്‍ജുന് 75,000 സാലറിയുണ്ടെന്ന് പറഞ്ഞത് തെറ്റ്, കുഞ്ഞിനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു, വൈകാരികമായി ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ കുടുംബം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകള്‍ ആക്ഷേപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.അര്‍ജുനെ ലഭിച്ചു. എല്ലാവരോടും നന്ദി പറഞ്ഞു. ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണം നേരിടുകയാണ്. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റൊരു രീതിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി ഞങ്ങളെത്തി. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്തു. അത് കാണുമ്പോള്‍ ഞങ്ങള്‍ വിഷമ ഘട്ടത്തിലാണ്. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്, അത് തെറ്റാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണം നേരിട്ടു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍. അര്‍ജുന്‍ മരിച്ചത് നന്നായിയെന്ന പോലുള്ള കമന്റുകള്‍ കേട്ടപ്പോള്‍ തകര്‍ന്ന് തരിപ്പണമായി,’ ജിതിന്‍ പറഞ്ഞു.അര്‍ജുന്‍ ഭാര്യ കൃഷ്ണപ്രിയയ്ക്കും മകനും ജീവിക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നേറുമെന്നും ജിതിന്‍ പറഞ്ഞു. ഈ വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അയനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന അദ്ദേഹത്തിന്‍റെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടി പണം തരുന്നയാളുകളുണ്ടെന്ന് കൃഷ്ണപ്രിയയും വ്യക്തമാക്കി. ചിലര്‍ കുറച്ച് പൈസയുമായി വന്ന് അയാന് കൊടുത്ത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നുവെന്നും മനാഫിന്റെ കൂടെ വന്നവരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ ബൈക്ക് നന്നാക്കാന്‍ കൊടുത്തത് മനാഫ് അല്ലെന്നും അര്‍ജുന്‍ തന്നെ പൈസ കൊടുത്ത് നന്നാക്കിയതാണെന്നും അവര്‍ പറഞ്ഞു. ഇനിയും തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും കൃഷ്ണപ്രിയ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *