കുവൈറ്റിലെ മയക്കുമരുന്ന് മരണങ്ങളിൽ 81 ശതമാനവും സ്വദേശികൾ; കഴിഞ്ഞ വര്‍ഷം മരിച്ചത് 42 പേര്
കുവൈറ്റില്‍ മയക്കുമരുന്ന് ഉപയോഗവും അതിന്റെ വ്യാപനവും ശക്തമാവുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ, കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്റെ ഇതുമായി ബന്ധപ്പെട്ട 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറങ്ങി. കുവൈറ്റിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച ഭയാനകമായ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 42 പേര് മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ മരണപ്പെട്ടവരില്‍ 81 ശതമാനം പേരും കുവൈറ്റ് പൗരന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.രാജ്യത്തെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണവും ശക്തമായ നടപടികളും ലക്ഷ്യമിട്ടാണ് പബ്ലിക് പ്രോസിക്യൂഷന് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട 2,666 കേസുകള്‍ പ്രൊസിക്യൂഷന് കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇതില്‍ 77.2 ശതമാനം കേസുകളും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടതാണ്. 22.5 മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പ്രോസിക്യൂഷന് ഇത്രയും കേസുകളിലായി 3,554 വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്തു. ഇവരില്‍ 56 ശതമാനം പേര് കുവൈറ്റ് പൗരന്മാരാണ്. മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ 81.4 ശതമാനം പേരും 18 നും 39 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)