ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം
ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ്. രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജയില്‍ നിന്നുമാണ് മിക്കവാറും രക്താര്‍ബുദത്തിന്റെ ആരംഭം. രക്ത കോശങ്ങള്‍ അനിയന്ത്രിമായി വളരുകയും സാധാരണനിലയിലുള്ള, ആരോഗ്യമുള്ള രക്തകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് രക്താര്‍ബുദം. മറ്റേത് രോഗത്തെയും പോലെ തുടക്കത്തിലേ രോഗം തിരിച്ചറിയുക രക്താര്‍ബുദ ചികിത്സയില്‍ നിര്‍ണ്ണായകമാണ്.
രക്താര്‍ബുദത്തിന്റെ നമ്മള്‍ അറിയുന്ന ലക്ഷണങ്ങളും സൂചനകളും അല്ലാതെ ര്ക്താര്‍ബുദത്തിന്റെ ആദ്യ സൂചനകള്‍ എന്ന് പറയാവുന്ന തരത്തില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് രോഗങ്ങള്‍ കൊണ്ടും ഈ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകാം. എന്തായാലും ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്.
രക്താര്‍ബുദത്തിന്റെ അത്തരം ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നറിയാം.
ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍
രക്താര്‍ബുദമുള്ള ചിലയാളുകളില്‍ ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ വരാറുണ്ട്. ത്വക്കിന് താഴെയുള്ള രക്തസ്രാവമാണ് ഇത്തരം പാടുകള്‍ ഉണ്ടാക്കുന്നത്. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നതാണ് ഇത്തരം രക്തസ്രാവത്തിന് കാരണം. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.
ഭാരം കുറയുക
അകാരണമായി ഭാരം കുറയുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഭാരം കുറയാന്‍ ശ്രമിക്കാതെ തന്നെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
അകാരണമായ ചൊറിച്ചില്‍
രക്താര്‍ബുദമുള്ള ചിലയാളുകളില്‍ അകാരണമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും ഉടലിലും. നാഡികളുടെ അഗ്രഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഹിസ്റ്റമൈന്‍ എന്ന രാസവസ്തുവാണ് ചൊറിച്ചിലിന് കാരണമാകുന്നത്.
മുറിവ്, ബ്ലീഡിംഗ്
രക്താര്‍ബുദമുള്ളയാളുകളില്‍ മുറിവുകള്‍ ഉണ്ടായാല്‍ വളരെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാകാം. കട്ട പിടിക്കാനുള്ള രക്തത്തിന്റെ കഴിവിനെ കാന്‍സര്‍ ബാധിക്കുന്നത് കൊണ്ടാണിത്. അടിക്കടി മൂക്കില്‍ നിന്നും രക്തം വരിക, മോണകളില്‍ നിന്ന് രക്തം വരിക, ചെറിയ പരിക്കുകള്‍ പറ്റുമ്പോള്‍ പോലും വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകുക എന്നിവയെല്ലാം രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.
അടിക്കടി അണുബാധ
രക്താര്‍ബുദം നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കും. രോഗങ്ങള്‍ക്കെതിരെയും അണുബാധയ്‌ക്കെതിരെയും പോരാടാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അടിക്കടി ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഒരു ഡോക്ടറെ കാണുക.
ലിംഫ് നോഡില്‍ വീക്കം
കഴുത്തിലോ കക്ഷത്തിലോ നാഭിയിലോ ഉള്ള ലിഫ് നോഡുകളില്‍ വീക്കമുണ്ടാകുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇവ തൊടുമ്പോള്‍ വേദനയുണ്ടാകാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)