സഹോദരന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ഉരുൾപൊട്ടൽ കൊണ്ടുപോയി, മൃതദേഹത്തിനരികെ മണ്ണിലകപ്പെട്ടത് 12 മണിക്കൂറുകൾ
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സഹോദരൻ്റെ വിവാഹത്തിന് യുഎഇ വിട്ട് നാട്ടിലെത്തിയ പ്രവാസിയും നാല് കുടുംബാംഗങ്ങളും മരണപ്പെട്ടു. സിനാൻ അബ്ദുൾ നാസർ (25), അദ്ദേഹത്തിന്റെ പിതാവ്, മുത്തച്ഛൻമാർ, കസിൻ എന്നിവരാണ് മരിച്ചത്. ജൂൺ 30നുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നു. 152 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. തീരാനഷ്ടം വിതച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന സുഹൈലും ഒരു പ്രവാസിയാണ്. സുഹൈലിന്റെ വിവാഹത്തിനായാണ് സിനാനും നാട്ടിലെത്തിയത്. ഈ കുടുംബത്തിലിപ്പോൾ ബാക്കിയായത് 12 മണിക്കൂറിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത സുഹൈലിൻ്റെ ഇളയ സഹോദരൻ ഇസ്ഹാഖും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഭാര്യ ഷഹലയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ റാബിയയുമാണ്.
പ്രിയപ്പെട്ടവരെയും വീടും നാടും നഷ്ടപ്പെട്ട ദുഃഖത്തിലും ഞെട്ടലിലുമാണ് സുഹൈൽ. കൺമുമ്പിൽ നിന്ന് മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്ന സഹോദരനെ കുറിച്ചോർക്കുമ്പോൾ സുഹൈലിന് ചങ്ക് പൊട്ടുന്ന വേദനയാണ്. വാക്കുകളില്ല.. കണ്ണീരു മാത്രം. സിനാനും സുഹൈലും ഷാർജയിലെ ഒരു മാളിൽ സ്പൈസസ് റോസ്റ്ററി സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. കടയുടമ സനീഷിന്റെ കുടുംബത്തോട് ഒപ്പമായിരുന്നു താമസം. സുഹൈലിന്റെ വിവാഹം പ്രമാണിച്ച് മെയ് 18 നാണ് ഇരുവരും നാട്ടിലെത്തിയത്. കട മറ്റൊരു സ്ഥലത്ത് റീഓപ്പൺ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നതിനാൽ റസിഡൻസ് വിസ റദ്ദാക്കിയാണ് ഇരുവരും നാട്ടിലെത്തിയത്. കട ആരംഭിക്കുന്നതോട പുതിയ വിസയിൽ പോകാനായിരുന്നു തീരുമാനം. ഈ മാസം അവസാനത്തോടെ തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു സിനാൻ. പക്ഷെ ഇങ്ങനെയൊരു വിധിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇടറിയ ശബ്ദത്തോടെ സിനാൻ പറയുന്നു.
ദയനീയമായ രാത്രി
ആ ദയനീയ രാത്രിയിൽ ഒരു വലിയ ശബ്ദവും ഭാര്യയുടെ കരച്ചിലും കേട്ടാണ് ഉണർന്നതെന്ന് സുഹൈൽ വിവരിക്കുന്നു. അവർ വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. മുറിയുടെ ഭിത്തികൾ തകർന്നും ചെളിയും വെള്ളവും ഒഴുകുന്നു. വീട് ഒലിച്ചുപോകുന്നതായാണ് തനിക്ക് തോന്നിയതെന്ന് സുഹൈൽ പറയുന്നു. ഉടൻ തന്നെ ഭാര്യ ഷഹലയെയും ബന്ധുവായ അമ്മായിയെയും അവരുടെ രണ്ട് മക്കളെയും ഒന്നാം നിലയിലെ തകർന്ന വാതിലിലൂടെ പുറത്തെത്തിച്ചു. അമ്മായിയും മൂന്ന് മക്കളും അവർ താമസിക്കുന്നയിടം സുരക്ഷിതമല്ലാത്തതിനാൽ തങ്ങളുടെ കുടെ താമസിക്കാനെത്തിയതായിരുന്നു. മൂന്ന് മക്കളിൽ ഒരാളെ രക്ഷിക്കാനായില്ല. അവന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങൾക്കായിരുന്നു ഉരുൾപൊട്ടൽ ഏറെ ആഘാതമുണ്ടാക്കിയിരുന്നത്. മാതാപിതാക്കളും രണ്ട് സഹോദരന്മാരും രണ്ട് മുത്തച്ഛന്മാരും താഴത്തെ നിലയിലായിരുന്നു. അവരുടെ മുറികളിലേക്കെല്ലാം കല്ലും മണ്ണും ചെളിയും അടിച്ചുകയറി. വീടിന്റെ മേൽക്കൂര തകർന്ന് കോൺക്രീറ്റ് താഴെ വീണു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അമ്മയെ എങ്ങനെയൊക്കെയോ രക്ഷപ്പെടുത്തി.
അമ്മയുടെ തലയിൽ നിന്ന് ധാരാളം രക്തം വരുന്നുണ്ടായിരുന്നു. ഇളയ സഹോദരങ്ങളെ നോക്കിയപ്പോൾ കോൺക്രീറ്റ് ബീമുകളും മേൽക്കൂരയുമെല്ലാം തകർന്ന് കിടക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിലാണ് ഏറ്റവും ഇളയ സഹോദരൻ ഇസ്ഹാഖ് കുടുങ്ങി കിടക്കുന്നതെങ്കിലും അവന് ശ്വസിക്കാൻ കഴിയും. എന്നാൽ സിനാന്റെ അടുത്തെത്തിയപ്പോൾ കാര്യം അങ്ങനെയായിരുന്നില്ല. അവന്റെ കഴുത്ത് ഒരു കോൺക്രീറ്റ് ബീമിനും ജനലിനുമിടയിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചു. കോൺക്രീറ്റ് ബീമിന് മുകളിൽ കയറി പുറത്തെടുക്കാൻ കഴിയുമോയെന്ന് നോക്കി എന്നാലത് അവന് കൂടുതൽ വേദനയുണ്ടാക്കുന്നതായിരുന്നു. വേദന സഹിക്കാൻ കഴിയുന്നില്ലെന്നും ശ്രമം നിർത്താനും സിനാൻ വിളിച്ചു പറഞ്ഞു. രക്ഷപ്പെടുത്താൻ കഴിയുന്ന മാർഗമെല്ലാം നോക്കി. മുടിയിൽ പിടിച്ച് പുറത്തെടുക്കാൻ ശ്രമിച്ചു. എല്ലാം വൃഥാവിലായി. ഏകദേശം പത്ത് മിനിറ്റോളം സിനാൻ തന്നോട് സംസാരിച്ചു. എന്നാൽ വെള്ളവും ചെളിയും വന്ന് മുങ്ങാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളെ നോക്കണമെന്നും രക്ഷിക്കാൻ കഴിയുന്നവരെയും ഇളയവനെയും രക്ഷപ്പെടുത്താനും സിനാൻ പറഞ്ഞു. അതായിരുന്നു സിനാന്റെ അവസാന വാക്കുകൾ..തന്നോടൊപ്പം വേറെ ആരേങ്കിലുമുണ്ടായിരുന്നെങ്കിൽ സഹോദരനെ വലിച്ച് പുറത്തെടുക്കാനും രക്ഷിക്കാനും കഴിഞ്ഞേനേ.. എന്നാൽ അവന്റെ മരണം കൺമുമ്പിൽ കാണാനായിരുന്നു വിധിയെന്ന് സുഹൈൽ വാവിട്ട് കരഞ്ഞുകൊണ്ട് പറയുന്നു.
പിതാവ് അബ്ദുൾ നാസറും മുത്തച്ഛന്മാരായ മൊയ്തീൻ കുട്ടിയും (പിതാവ്) ബാപ്പുട്ടിയും (മാതൃപിതാവ്) എവിടെയാണ് ഒഴുക്കിൽപ്പെട്ടതെന്ന് സുഹൈലിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് മുത്തച്ഛന്മാരുടെ മൃതദേഹം ലഭിച്ചു, പ്രാദേശിക മസ്ജിദിൻ്റെ ഖബർസ്ഥാനിൽ ഖബറടക്കി. പിതാവിൻ്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹം മരിച്ചതായാണ് കരുതുന്നതെന്നും അമ്മാവൻ്റെ മൃതദേഹം തിരിച്ചറിയാൻ അധികാരികൾ ഡിഎൻഎ സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും സുഹൈൽ പറയുന്നു.
ഏറ്റവും ദുഃഖകരമായ കാര്യം ശാരീരികമായി കാര്യമായ പരിക്കുകൾ ഏറ്റില്ലെങ്കിലും, ജ്യേഷ്ഠൻ സിനാൻ്റെ മൃതദേഹത്തിനരികിൽ 12 മണിക്കൂർ അവശിഷ്ടങ്ങൾക്കടിയിൽ ചെലവഴിച്ച 17-കാരനായ ഇസ്ഹാഖ് മാനസികമായി തകർന്നെന്നതാണ്. രക്ഷാപ്രവർത്തകരെത്തും വരെയും അവൻ വാവിട്ട് കരയുകയായിരുന്നു. മരണഭയവും അവനെ ഏറെ അലട്ടി. 12 മണിക്കൂറിന് ശേഷം ദേശീയ ദുരന്ത നിവാരണ സേനയാണ് ഇളയ സഹോദരനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ അവനുൾപ്പെടെയെല്ലാവർക്കും കൗൺസിലിംഗ് നൽകിയെന്നും സുഹൈൽ പറയുന്നു. സങ്കൽപ്പിക്കാനാകാത്ത ഈ വൻദുരന്തത്തെ എങ്ങനെ മറികടക്കുമെന്ന് അറിയാതെ സ്തംഭിച്ച് നിൽക്കുകയാണ് സുഹൈൽ. ദുരന്തത്തിൽ ഒരു ലോഹദണ്ഡ് സുഹൈലിൻ്റെ ഇടതുകാലിലൂടെ തുളച്ചുകയറി, കണങ്കാൽ ജോയിൻ്റ് തകർന്നു. മഞ്ചേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ പിന്നീട് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട്ടെ ബന്ധുവിന്റെ വീട്ടിലേക്കാണ് സുഹൈലിനെ കൊണ്ടുപോയത്. വീടും നാടും പ്രിയപ്പെട്ടവരെയുമെല്ലാം നഷ്ടപ്പെട്ടു. ഓർമകളായി ഫോണിലോ ആൽബങ്ങളിലോ സൂക്ഷിച്ച ഫോട്ടോകൾ പോലുമില്ല. സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ടു. ഇനി എന്തുചെയ്യുമെന്ന ഹൃദയഭാരത്തിലാണ് സുഹൈലും ഇതുപോലെ ദുരന്തമനുഭവിച്ച ഓരോ ജീവനും.
ദുരന്തമറിഞ്ഞപ്പോൾ മുതൽ വീട്ടിൽ കണ്ണീരാണെന്നും സഹിക്കാനാവുന്നില്ലെന്നും ഷാർജയിൽ ഇരുവരും ജോലി ചെയ്തിരുന്ന സ്ഥാപനയുടമ സനീഷ് പറയുന്നു. വീട്ടിൽ 13 വയസുള്ള മകന്റെ തോരാത്ത കണ്ണീരിന് മറുപടി നൽകാൻ സാധിക്കുന്നില്ലെന്നും സനീഷ് സങ്കടത്തോടെ പറയുന്നു. ഇനിയെല്ലാം അവർ പൂജ്യത്തിൽ നിന്ന് തുടങ്ങണം. ആ കുടുംബത്തിന് മാനസികവും ശാരീരികവും സാമ്പത്തികവുമായ പിന്തുണ ആവശ്യമാണ്. അവർക്കാവശ്യമായ എല്ലാ പിന്തുണയും തന്നാലാകും വിധം നൽകുമെന്നും സനീഷ് പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)