കുവൈറ്റിൽ സബ്സിഡി റേഷൻ ഉത്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പദ്ധതി
കുവൈറ്റിലെ സ്വദേശികൾക്ക് സബ്സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഉത്പന്നങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പദ്ധതി തയാറാക്കി സാമൂഹിക – കുടുംബ , ശിശുക്ഷേമ കാര്യ മന്ത്രാലയം. രാജ്യ നിവാസികളുടെ ക്ഷേമം കണക്കിലെടുത്ത് അർഹരായവർ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അതുവഴി പോഷകാഹാര കുറവ് ഇല്ലാതാക്കുന്നതിനുമാണ് കുവൈത്തിൽ റേഷൻ സംവിധാനം ഒരുക്കിയത്. എന്നാൽ സ്വദേശികളുടെ പേരിൽ റേഷൻ ഉത്പന്നങ്ങൾ വാങ്ങി കൂടിയ വിലക്ക് വ്യാപകമായ തോതിൽ മറച്ചുവിൽക്കുന്ന പ്രവണത വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്ന ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിന് പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്.ഉത്പന്നങ്ങളുടെ ഗുണമേന്മയും വിലക്കുറവും കണക്കിലെടുത്ത് വിദേശികളിൽ പലരും പാൽപൊടി പോലുള്ളവ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവണതയും വ്യാപകമാണ്. റേഷൻ ഉത്പന്നങ്ങളുടെ വില്പനയും കടത്തും നിരോധിക്കപെട്ടതാണെങ്കിലും ഇവയുമായി വിദേശികൾ വിമാനത്താവളത്തിൽ പിടികൂടപ്പെടുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ട്.
ഈ സാഹചര്യത്തിലാണ് കോപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് ഉല്പന്നങ്ങളുമായി പോക്കുവരവ് നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനം. കൂടാതെ പൗരന്മാർക്ക് സാധനങ്ങൾ കാണാനും അവയുടെ ലഭ്യത അറിയാനും സ്‌ക്രീനുകൾ സ്ഥിരം പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. സുതാര്യത ഉറപ്പുവരുത്തുന്നതിന് കാറ്ററിങ് വിഭാഗത്തിലെ ജീവനക്കാരെ ഓരോ വർഷവും മാറ്റികൊണ്ടിരിക്കുക, ഉത്പന്നങ്ങളിൽ ബാർകോഡ് ഒട്ടിക്കുക, പ്രതിമാസം സ്റ്റോക്കുള്ള വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക തുടങ്ങിയ നിർദേശങ്ങളും നടപ്പിലാക്കാനാണ് തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)