കുവൈത്തിൽ വൈദ്യുതി, ജല നിയമലംഘനങ്ങളിൽ കർശന നടപടി: ഈ മാസം മുപ്പതിലധികം അറസ്റ്റ്
കുവൈത്ത് സിറ്റി: വൈദ്യുതി, ജല നിയമലംഘനങ്ങൾ തടയുന്നതിനായി കർശന നടപടി സ്വീകരിച്ച് അധികൃതർ. നിയമലംഘനം കണ്ടെത്തിയതിൻറെ ഭാഗമായി ഈ മാസം മുപ്പതിലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതായി വൈദ്യുതി-ജല മന്ത്രാലയം ജുഡീഷ്യൽ പൊലീസ് ടീം മേധാവി അഹ്മദ് അൽ ഷമ്മരി പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
ഫ്യൂസുകളിൽ കൃത്രിമം കാണിക്കൽ, വൈദ്യുതി മോഷണം, ബ്രേക്കറുകളുടെ വലുപ്പം മാറ്റൽ തുടങ്ങിയ നിരവധി തരത്തിലുള്ള ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. വൈദ്യുതി നിയമലംഘനങ്ങൾ ഗുരുതര കുറ്റമാണെന്നും ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അൽ ഷമ്മരി വ്യക്തമാക്കി.
അതിനിടെ, വൈദ്യുതി-ജല മന്ത്രാലയത്തിലെ രണ്ടു ജീവനക്കാരെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും പൊതുമരാമത്ത് ആക്ടിങ് മന്ത്രിയുമായ ജാസിം അൽ ഒസ്താദ് അഴിമതി വിരുദ്ധ (നസഹ) പബ്ലിക് അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ഇരുവരുടെയും ലംഘനങ്ങൾ പുറത്തുവന്നയുടൻ രൂപവത്കരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ കൂടി അടിസഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ അൽ ഒസ്താദ് തന്റെ മേൽനോട്ടത്തിലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ഉദ്യോഗസ്ഥരെ അഴിമതി സംബന്ധിച്ച സംശയങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷനും നസഹക്കും റഫർ ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)