വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതി
കൊലക്കുറ്റം ചെയ്ത് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി അമ്മ പ്രേമകുമാരിക്കു യെമനിലേക്കു പോകാൻ ഡൽഹി ഹൈക്കോടതി അനുമതി. യാത്രാനുമതി തേടി അമ്മ സമർപ്പിച്ച ഹർജിയിലാണു ജഡ്ജി സുബ്രഹ്മണ്യം പ്രസാദിന്റെ അനുകൂല ഉത്തരവ്.
അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം ഇന്നലെയും ശക്തമായി എതിർത്തെങ്കിലും കോടതി തള്ളി. അതേസമയം ഒപ്പം യാത്രാനുമതി തേടിയിരുന്ന നിമിഷപ്രിയയുടെ മകൾ മിഷേൽ ടോമി തോമസ്, സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോർ കമ്മിറ്റിയംഗം സജീവ് കുമാർ എന്നിവർക്കു യാത്ര ചെയ്യാനാകില്ല.
യെമനിൽ 30 വർഷത്തിലേറെയായി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമിനൊപ്പമാണു പ്രേമകുമാരി യാത്ര ചെയ്യുക. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വാദം. പ്രേമകുമാരിക്കു വേണ്ടി കെ.ആർ.സുഭാഷ് ചന്ദ്രൻ ഹാജരായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)