കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ്. ഇതിനായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി, ഫീൽഡ് ടീമുകളെ നിയോഗിച്ചു. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനും ഭൂമി വൃത്തിയാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്പ്രിങ് ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ-ഒതൈബി പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ ടെന്റുകൾ നീക്കം ചെയ്യണമെന്നും ഇതനുസരിക്കാത്ത തമ്പ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം.
ഇതനുസരിക്കാത്ത ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നതെന്നും എന്നാല്‍ നിയമലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ വിദേശികള്‍ക്ക് അടുത്ത സീസണിൽ ക്യാമ്പ് ലൈസൻസ് നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സൂചനകളുണ്ട്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)