പകൽ 2 മൃതദേഹങ്ങളും പാടത്ത്, ആരും കണ്ടില്ല,വരമ്പിൽ ഒളിപ്പിച്ചു; രാത്രിയോടെ നഗ്നരാക്കി വയറുകീറി, കുഴിച്ചിട്ടു; ഞെട്ടൽ മാറാതെ നാട്
പാലക്കാട്: വൈദ്യുതക്കെണിയിൽ രണ്ടുജീവനുകൾ പൊലിഞ്ഞതോടെ, തുടക്കംമുതൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്ന് പോലീസ്. തിങ്കളാഴ്ച രാവിലെ വയലിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടെങ്കിലും ആരോടും പറഞ്ഞില്ല. വരമ്പിൽ ഒളിപ്പിച്ച്, രാത്രിയോടെ ഒറ്റയ്ക്ക് കുഴിയെടുത്ത് വയലിൽത്തന്നെ കുഴിച്ചിട്ടെന്നാണ് മൊഴി. കൃഷി നോക്കാനെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നും പരിഭ്രാന്തനായതോടെയാണ് രണ്ടു മൃതദേഹങ്ങളും വരമ്പോരത്തേക്കു മാറ്റി ഇലകളടക്കം ഉപയോഗിച്ചുമൂടി തിരിച്ചുപോയെന്നും സ്ഥലമുടമ ആനന്ദ്കുമാർ പോലീസിനോടു പറഞ്ഞു.ബുധനാഴ്ച ഉച്ചയോടെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നശിപ്പിക്കാൻ ശ്രമിച്ച സാധനങ്ങൾ ഓരോന്നായി കൂസലില്ലാതെ ആനന്ദ്കുമാർ പോലീസിനു കാണിച്ചുകൊടുത്തു. സംഭവശേഷം ബൈക്കിലെത്തിയാണ് വീട്ടിൽനിന്ന് രണ്ട് കിലോമീറ്ററോളം ദൂരെയുള്ള കരിങ്കരപ്പുള്ളിയിലെ മലന്പുഴ ജലസേചനപദ്ധതിയുടെ ഇടതുകനാലിലേക്ക് പന്നിക്കെണിയുടെ ഇരുമ്പുകമ്പി വലിച്ചെറിഞ്ഞത്. രണ്ടു കമ്പിക്കെട്ടുകൾ ഇവിടെനിന്ന് കണ്ടെടുത്തു.കുറച്ചകലെനിന്ന് യുവാക്കളുടെ കാവിമുണ്ടും ഷർട്ടുകളും ബെൽറ്റോടുകൂടിയ പാന്റ്സും അടിവസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. കനാലിന്റെ വശത്തുള്ള പാടത്തുനിന്നാണ് സിം കാർഡ് ഊരിക്കളഞ്ഞ നിലയിലുള്ള മൊബൈൽ ഫോൺ കണ്ടെത്തിയത്. കത്തിയും തൂമ്പയും പാടത്തിനോടു ചേർന്നുള്ള പഴയ റഫ്രിജറേറ്ററിനു സമീപത്തുണ്ടെന്ന് പ്രതി കാണിച്ചുകൊടുത്തു. മൃതദേഹം കുഴിച്ചിട്ട പാടത്തുനിന്ന് മൂന്നാമത്തെ വീടാണ് ആനന്ദ്കുമാറിന്റേത്. വീട്ടിൽനിന്നാണ് പാടത്തേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. കണക്ഷനാവശ്യമായ വൈദ്യുത വയറുകൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല. രാത്രി 10 മണിക്കു സ്ഥലത്തെത്തിയ ആനന്ദ് 10 മീറ്റർ ദൂരേക്കു വലിച്ചു നീക്കി കുഴിച്ചിട്ടു. മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റി കത്തി ഉപയോഗിച്ചു വയറു കീറിയിട്ടാണു കുഴിയിലേക്കു ചവിട്ടിത്താഴ്ത്തിയത്. മൃതദേഹങ്ങളിൽനിന്ന് അഴിച്ചെടുത്ത വസ്ത്രങ്ങളും വൈദ്യുതിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പു കമ്പികളും ചെരുപ്പും ചൊവ്വാഴ്ച രാവിലെ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)