കുവൈത്തിൽ മാധ്യമ നിയന്ത്രണത്തിനായി നിയമ നിർമാണം; നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും 10,000 ദിനാർ പിഴയും
കുവെത്ത് സിറ്റി: രാജ്യത്ത് മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും നിയമ നിർമാണം കൊണ്ട് വരുമെന്ന് വാർത്താവിതരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നു ഘട്ടങ്ങളായാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുക. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും മാധ്യമ നിയന്ത്രണ നിയമം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് അധ്യായങ്ങളും 104 ലേഖനങ്ങളുമുള്ള കരട് നിയമത്തെക്കുറിച്ചുള്ള പൊതു ജനങ്ങളുടെ ഫീഡ്ബാക്ക് മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴി സമർപ്പിക്കാമെന്നും അൽ മുതൈരി പറഞ്ഞു.മാധ്യമ നിയമം ലംഘിക്കുന്നവർക്ക് പരമാവധി ഒരു വർഷം തടവും 10,000 ദിനാറുമാണ് പുതിയ നിയമത്തിൽ നിർദേശിക്കുന്നത്. അമീറിനെതിരെയുള്ള വിമർശനം, ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ഒരു വർഷത്തിൽ കൂടാത്ത തടവും 5,000 മുതൽ 20,000 ദിനാർ വരെ പിഴയും ഈടാക്കുവാനും കരട് നിയമത്തിൽ നിർദേശമുണ്ട്. സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടം വരുത്തുന്ന വാർത്തകൾക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, വ്യക്തിഹത്യ, സാമൂഹിക സമാധാനത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ മുതലായ വ്യക്തികൾക്ക് ഹാനികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്ക് 3,000 ദിനാറിൽ കുറയാത്ത പിഴയും ഈടാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)