കുവൈത്തിൽ ഇനി എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ; പദ്ധതിയെ കുറിച്ച് അറിയാം
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചശേഷം പ്രവാസികളിൽനിന്നുള്ള വൈദ്യുതി ബില്ലുകളുടെ കുടിശ്ശിക പിരിവിൽ ഗണ്യമായ വർധന ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ-സ്താദ്.കൂടുതൽ ഉപഭോക്തൃ സേവന ഓഫിസുകൾ തുറക്കാനും എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റാനും വൈദ്യുതി വിഭാഗം ശ്രമം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓഫിസ് തുറന്നശേഷം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾ രാജ്യം വിടുന്നതിനുമുമ്പ് വിമാനത്താവളങ്ങളിലും മറ്റും ബില്ലുകളുടെ കുടിശ്ശിക ഈടാക്കുന്ന പദ്ധതിക്ക് അടുത്തിടെയാണ് രാജ്യത്ത് തുടക്കമായത്.സബാഹ് അൽ അഹ്മദ് റെസിഡൻഷ്യലിലെ സർക്കാർ മാളിൽ ഉപഭോക്തൃ സേവന ഓഫിസ് തുറക്കുന്ന ആദ്യത്തെ സംസ്ഥാന ഏജൻസിയാണ് വൈദ്യുതി വിഭാഗം. വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, അൽ മുത്ല ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ഉടൻ തുറക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വൈദ്യുതി, വെള്ളം കുടിശ്ശിക പിരിവ് ഒക്ടോബർ പകുതിയോടെ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി വിഭാഗത്തിന്റെ സ്മാർട്ട് മീറ്റർ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും കരാർ ഒപ്പിട്ട ശേഷം എല്ലാ വീടുകളിലും സ്മാർട്ട് മീറ്ററുകൾ നടപ്പാക്കുമെന്നും ഡോ. ജാസിം അൽ-സ്താദ് പറഞ്ഞു. വൈദ്യുതിയും ജലവും യുക്തിസഹമായി ഉപയോഗിക്കുന്നതിനുള്ള കാമ്പയിനിന്റെ സവിശേഷ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. വരും കാലയളവിൽ ഇത്തരം പദ്ധതികളുടെ ഫലപ്രാപ്തി വർധിപ്പിക്കാൻ വേണ്ട നടപടികൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)