സ്ത്രീകളെ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രവാസി പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ. ഇയാൾ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് 7 യുവതികളെ 2022 ജൂലൈ 17നാണ് കുവൈറ്റിലേക്ക് കടത്താൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഇതേ കേസിൽ കൂട്ട് പ്രതികളായ രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ തമിഴ്നാട് തിരുച്ചിറപള്ളി തിരുവെരുമ്പൂർ മുഹമ്മദ് ഹനീബയെയാണ് (42) എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ് ഇയാളെ തിരിച്ചിറപള്ളിയിൽ നിന്നും പിടികൂടിയത്. ഉൾഗ്രാമങ്ങളിലെ നിരക്ഷരരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരക്കാരെ സൗജന്യമായി പാസ്പോർട്ട്,വിസ, ടിക്കറ്റ്, മെഡിക്കൽ സൗകര്യം എന്നിവ ശരിയാക്കി നൽകിയാണ് കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചിരുന്നത്. ദുബായിലേക്ക് ഉള്ള വിസ്റ്റിംഗ് വിസയുമായി എയർപോർട്ടിൽ എത്തിക്കുന്ന ഇവരെ ദുബായിൽ എത്തിയശേഷം അവിടുന്ന് കുവൈറ്റ് വിസ അടിച്ച പേജ് പാസ്പോർട്ടിൽ തുന്നി ചേർത്ത ശേഷമാണ് കുവൈറ്റിലേക്ക് കടത്താൻ ശ്രമിക്കുന്നത്. സ്ത്രീകളെ കുവൈറ്റിൽ എത്തിച്ചതിനുശേഷം ഏജന്റ്മാർക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. മുപ്പതിനും നാൽപതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടുജോലിക്ക് എന്ന പേരിലാണ് കുവൈറ്റിൽ എത്തിക്കുന്നത്. ഡി.വൈ.എസ്.പി വി.രാജീവ് എസ്.ഐ മാരായ സന്തോഷ് ബേബി, എൻ.സാബു, എ.എസ്. ഐ. ഇ.ബി സുനിൽകുമാർ, എസ്. സി. പി. ഒമാരായ പി.ആർ. ശ്രീരാജ്, എൻ.എസ് സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)