കുവൈറ്റിലെ സംഭാവനകൾ ശേഖരിക്കുന്നതിൽ 160 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: റമദാനിലെ സംഭാവനകൾ ശേഖരിക്കുന്നതിൽ 160 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
വസ്ത്രങ്ങൾ ശേഖരിക്കുന്ന നിയമം ലംഘിക്കുന്ന 30 കിയോസ്കുകൾ, 130 പരസ്യ ഹോർഡിങ്ങുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 100 സ്വകാര്യ കമ്പനികളും 20 ചാരിറ്റികളും നിയമംലംഘനം നടത്തിയതായി കണ്ടെത്തി. ഔഖാഫ്, ഇസ്ലാമിക കാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് 10 പരസ്യങ്ങൾ പള്ളികളുടെ ചുമരുകളിൽ തൂക്കിയതായും കണ്ടെത്തി. പള്ളിയുടെ ചുവരുകളിൽ പരസ്യങ്ങൾ ഇടുന്നത് നിരോധിച്ചിട്ടുണ്ട്.
സാമൂഹിക കാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവ പരസ്യങ്ങൾ പള്ളിയിൽനിന്ന് നീക്കം ചെയ്തു. റമദാനിലെ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നീക്കംചെയ്യുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്.
ലംഘനങ്ങൾ നടത്തിയ വാണിജ്യ കമ്പനികളുടെ പേരിൽ നടപടി ഉണ്ടാകും. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങൾ പാലിക്കാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ചുമതലയുള്ളവരോട് അധികൃതർ അഭ്യർഥിച്ചു.
റമദാനിൽ സംഭാവന പിരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതി. പൊതു സ്ഥലങ്ങളില്‍നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്റെ സമ്മത പത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാര്‍ഡും പ്രദര്‍ശിപ്പിക്കണം.
ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ.നെറ്റ് സംവിധാനം എന്നിവ വഴിയാണ് സംഭാവന നല്‍കേണ്ടത്. വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കാൻ പാടില്ല.
പണം നല്‍കുന്നയാളുടെ പൂര്‍ണ വിവരങ്ങള്‍ ചാരിറ്റി ഏജൻസികൾ രേഖപ്പെടുത്തണമെന്നും സംഭാവന നല്‍കുന്നയാള്‍ക്ക് രസീത് നല്‍കണമെന്നും സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അനധികൃത പണപ്പിരിവുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)