ഫ്രീലാൻസ് തൊഴിൽ പെർമിറ്റ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് യുഎഇ
ദുബൈ: ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് യു.എ.ഇ. നേരത്തെ ചില വിദഗ്ധ ജോലികൾക്ക് മാത്രമായിരുന്നു ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നതെങ്കിൽ ഇനിമുതൽ എല്ലാ വിദഗ്ധ ജോലികൾക്കും അനുവദിക്കാനാണ് തീരുമാനം. ഒരാൾക്ക് വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാനുള്ള അവസരവും പുതിയ പെർമിറ്റ് നൽകുന്നു. ഈ വർഷം മൂന്നാം പാദം മുതൽ അനുവദിച്ചുതുടങ്ങും. യു.എ.ഇയിൽ മാത്രമല്ല, ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാനവവിഭവശേഷി മന്ത്രി അബ്ദുറഹ്മാൻ അൽ അവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈദഗ്ധ്യം കൂടിയവർക്കും കുറഞ്ഞവർക്കുമെല്ലാം പെർമിറ്റ് ലഭിക്കും.
പല തൊഴിലുടമകൾക്ക് കീഴിൽ ഒരേസമയം ജോലി ചെയ്യാനും പുതിയ പെർമിറ്റ് ഉപകരിക്കും. നിലവിൽ ഇങ്ങനെ ജോലി ചെയ്യുന്നതിന് ഓരോ തൊഴിലുടമകളുമായും കരാർ ഉണ്ടാക്കണമായിരുന്നു. എന്നാൽ, പുതിയ നിർദേശമനുസരിച്ച് ഇതിന്റെ ആവശ്യമുണ്ടാവില്ല. സ്വന്തം നിലയിൽ ജോലിചെയ്യാനും മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാനും അനുവദിക്കുന്നതാണ് പുതിയ പെർമിറ്റ്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നായിരിക്കണം പ്രവർത്തനം. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നിലവിൽ ഫ്രീലാൻസ് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നുണ്ടെങ്കിലും ചില മേഖലകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മീഡിയ, വിദ്യാഭ്യാസം, അഭിനേതാക്കൾ, കാമറമാൻ തുടങ്ങിയ മേഖലകളിലായിരുന്നു ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നത്. ഗോൾഡൻ വിസ, ഗ്രീൻ വിസ ഉൾപ്പെടെ ദീർഘകാലവിസ അനുവദിക്കുന്ന സാഹചര്യത്തിൽ നിരവധിപേർക്ക് ഉപകാരപ്പെടുന്നതാണ് ഫ്രീലാൻസ് പെർമിറ്റുകൾ. ഗോൾഡൻ വിസയുണ്ടെങ്കിലും തൊഴിൽപെർമിറ്റുണ്ടെങ്കിൽ മാത്രമേ യു.എ.ഇയിൽ ജോലി ചെയ്യാൻ അനുവാദം ലഭിക്കൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)