digitizeകുവൈത്ത് ഇനി കൂടുതൽ ഡിജിറ്റലാകും; ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് പുതിയ പദ്ധതി
കുവൈത്ത് സിറ്റി: അതിവേഗ ഡിജിറ്റൽവത്കരണ പദ്ധതി യാഥാർഥ്യമാക്കാൻ കൂടുതൽ സജ്ജീകരണങ്ങളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി ഗൂഗിൾ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. കുവൈത്ത് വിഷൻ 2035ൻറെ ഭാഗമായി കൂടിയാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്നത്. അതിവേഗം ഡിജിറ്റൽവത്കരണ പദ്ധതി നടപ്പാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരാൻ സഹായിക്കുന്നതാണ് ഗൂഗിൾ ക്ലൗഡ് ചെയ്യുന്നത്. പൊതു ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും സർക്കാർ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് അധകൃതരുടെ പ്രതീക്ഷ. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി എന്നിവയുമായി സഹകരിച്ചാകും ഗൂഗിൾ ക്ലൗഡിന്റെ കുവൈത്തിലെ പ്രവർത്തനം. മേഖല കമ്പ്യൂട്ടർ ഹബ് ആയി മാറുന്നതോടെ നിരവധി നേട്ടങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഗൂഗിൾ മാനേജ്മെന്റ് ടൂളുകൾ, ഡേറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളാണ് ഗൂഗിൾ നൽകുന്നത്. . മിഡിൽ ഈസ്റ്റിൽ ഗൂഗിൾ ക്ലൗഡിന്റെ വിപുലീകരണത്തിലെ പ്രധാന നാഴികക്കല്ലാണ് കുവൈത്തുമായുള്ള കരാറെന്ന് ഗൂഗിൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തോമസ് കുര്യൻ പറഞ്ഞു. ഗൂഗിൾ ക്ലൗഡിന്റെ വരവ് കുവൈത്തിലെ ഡിജിറ്റൈസേഷൻ വേഗം വർധിപ്പിക്കുമെന്നും ഐ.ടി രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)