കേരളം ഓണം ബംബർ : എന്താണ് ശരിക്കും സംഭവിച്ചത് ??
ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വയനാട് പനമരം സ്വദേശി സൈതലവി (45) തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നു വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ വ്യക്തമാക്കി. വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യവും പരാതിയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു.
പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്ന തനിക്ക് അടുത്ത ബന്ധുവായ ഒരാൾ സമ്മാനം ലഭിച്ചതായി അറിയിക്കുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ സുഹൃത്തിനെ ഏൽപിച്ചിരുന്നുവെങ്കിലും നേരത്തെ അതിന്റെ പടം ലഭിച്ചിരുന്നില്ല. തനിക്ക് വേണ്ടിയെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചതെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ടോടെ ടിക്കറ്റിന്‍റെ പകർപ്പ് വാട്സാപ്പിലൂടെ അയച്ചുതരികയായിരുന്നു. യഥാർഥ ഭാഗ്യവാൻ ആരാണെന്നു തിരിച്ചറിഞ്ഞപ്പോൾ സങ്കടം തോന്നാതിരുന്നില്ല. വലിയ പ്രയാസത്തിൽ ജീവിക്കുന്ന താൻ മറ്റൊന്നും ചിന്തിക്കാതെ ഇതു വിശ്വസിച്ചുപോയത് തെറ്റായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചത് ക്രൂരമായിപ്പോയെന്നാണു റസ്റ്ററന്റിലെ സഹപ്രവർത്തകരുടെ അഭിപ്രായം. കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഭാഗ്യമുണ്ടായപ്പോൾ ഏറെ സന്തോഷിച്ചതായും സൈതലവിക്ക് കഴിയുന്ന പിന്തുണ നൽകുമെന്നും ബഷീർ പറഞ്ഞു. അതേസമയം, തനിക്ക് ഫെയ്സ്ബുക്കിൽ നിന്ന് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ചിത്രം വെറുതെ സൈതലവിക്ക് വാട്സാപ്പ് ചെയ്യുകയായിരുന്നുവെന്ന് സുഹൃത്ത് അഹമദ് പറഞ്ഞു. ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫെയ്സ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അയളോട് ബംപറിന്റെ 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ അത് എതിർത്തില്ല. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്–അഹമദ് വ്യക്തമാക്കി.ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തതെന്നും അതിനാണ് സമ്മാനം ലഭിച്ചതെന്നുമായിരുന്നു സൈതലവിയുടെ അവകാശവാദം. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ആറ് വർഷത്തോളമായി അബു ഹായിലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാർട്ടേഴ്സിലാണ് താമസം.അതേ സമയം പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്ന് 12 കോടിയുടെ ഓണം ബംബർ യഥാർത്തതിൽ ലഭിച്ച മരട് സ്വദേശി ജയപാലൻ പ്രതികരിച്ചു . തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താൻ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങള്‍ ഉള്ളതു തീർക്കണം, സ്ഥലത്തിന്റെ കുറച്ചു തർക്കമുണ്ട് അതും തീർക്കണം, പെങ്ങമ്മാരെ ഉൾപ്പെടെ സഹായിക്കുകയും വേണം. താൻ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ഒരൊറ്റ പകലിന്റെ മാത്രം ‘ഭാഗ്യവാനായി’ വയനാട് പരക്കുനി സ്വദേശി സെയ്‌തലവി മാറി. ഓണം ബംപർ ഫലപ്രഖ്യാപനദിവസം മുതൽ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയ ഇന്നലെ രാത്രിയോടെ ഉത്തരമായത്
Comments (0)