Posted By Editor Editor Posted On

വിദേശത്തേക്ക് പണം അയക്കുന്നതില്‍ വന്‍ കുറവ്, പ്രവാസിയുടെ ഓഹരി നിക്ഷേപം പെരുകുന്നു; അനവധി സാധ്യതകള്‍

വിദേശത്തേക്ക് ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്‍റെ തോത് കുറയുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്ക് അനുസരിച്ച് ഫെബ്രുവരിയില്‍ വിദേശത്തേക്ക് ഒഴുകിയ പണത്തില്‍ ജനുവരിയെ അപേക്ഷിച്ച് 29 ശതമാനം ഇടിവുണ്ടായി. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം, 196.4 കോടി ഡോളര്‍ (16,700 കോടി രൂപ) ആണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. ജനുവരിയില്‍ ഇത് 276.8 കോടി ഡോളര്‍ (23,528 കോടി രൂപ) ആണ് അയച്ചത്. വിദേശരാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിന്റെ തോതില്‍ 50.52 ശതമാനത്തിന്റെ ഇടിവുണ്ടായി. ജനുവരിയില്‍ 36.8 കോടി ഡോളര്‍ അയച്ചത് ഫെബ്രുവരിയില്‍ 18.2 കോടി ഡോളറായി കുറഞ്ഞു. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഈ ഇടിവിനുള്ള പ്രധാന കാരണമായി ചുണ്ടാക്കാണിക്കുന്നത്. കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലേക്ക് പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം കുറവുണ്ടായി. വിദേശയാത്രാ ആവശ്യങ്ങള്‍ക്കുള്ള പണമടക്കല്‍ ഫെബ്രുവരിയില്‍ 33.77 ശതമാനം കുറഞ്ഞു. 164.6 കോടി ഡോളറില്‍ നിന്ന് 109 കോടി ഡോളറായാണ് കുറഞ്ഞത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന അസ്ഥിരതയും പണമൊഴുക്ക് കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ട്രാവല്‍ വ്യവസായമേഖലയില്‍ ഈ വര്‍ഷം വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിലെ അസ്ഥിരതകള്‍ ആളുകളെ യാത്രാ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കപ്പെടുന്ന തുകയില്‍ ഫെബ്രുവരിയില്‍ വര്‍ധനയുണ്ടായി. 17.3 കോടി ഡോളറാണ് ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടത്. ജനുവരിയില്‍ ഇത് 10.4 കോടി ഡോളറായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *