
മേക്കപ്പിട്ട് ഓവറാക്കണ്ട!കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എട്ടിന്റെ പണി
കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ ഏതൊക്കെ നിയമലംഘനങ്ങൾക്ക് പിഴ നൽകേണ്ടി വരുമെന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. എന്നാൽ നിയമത്തിൽ എല്ലാത്തരം ലംഘനങ്ങൾക്കുമുള്ള പിഴയും തടവുശിക്ഷയും കൃത്യമായി നിർവചിച്ചിട്ടുണ്ട്. ചുവപ്പ് സിഗ്നൽ മറികടന്നാൽ 150 ദിനാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാർ, മൊബൈൽ ഫോൺ ഉപയോഗത്തിന് 75 ദിനാർ എന്നിങ്ങനെയാണ് പ്രധാന പിഴകൾ. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്.പൊലീസ് നിരീക്ഷണത്തിൽ പിടിക്കപ്പെടുന്നത് കൂടാതെ,വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് പിടിയിലാകുന്നത് എഐ ക്യാമറകളിലൂടെയാണ്. പലരും സിഗ്നലിൽ വാഹനം നിർത്തിയിടുമ്പോൾ മൊബൈൽ ഫോൺ എടുത്ത് ഉപയോഗിക്കാറുണ്ട്. ഇവ 16 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പനോരമിക് ക്യാമറകളിൽ പതിയും. ഗതാഗത കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് 75 ദിനാർ പിഴ ചുമത്തും. ഇത് ആവർത്തിച്ചാൽ പിഴത്തുക വർധിക്കും.അതുപോലെ വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും ഡ്രൈവർ ഭക്ഷണം കഴിക്കുന്നതും അശ്രദ്ധ മൂലമുള്ള ലംഘനങ്ങളുടെ പട്ടികയിലാണ്. ഇതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി 75 ദിനാർ പിഴ ഈടാക്കും. ഒരു വിദേശിയുടെ പേരിൽ ഒരു വാഹനം മാത്രമേ റജിസ്ട്രേഷൻ അനുവദിക്കൂ. 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 50 ദിനാർ പിഴ. മുതിർന്നവർ ഇല്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തിൽ ഇരുത്തിയിട്ട് പോയാലും 50 ദിനാർ പിഴ ലഭിക്കും. ഹൈവേകളിലും റിങ് റോഡുകളിലും അനുവദിച്ചിട്ടുള്ള വേഗതയിൽ നിന്ന് വളരെ കുറഞ്ഞ വേഗതയിൽ പോയാലും 30 ദിനാർ പിഴ ഈടാക്കും. ഏറ്റവും കുറഞ്ഞ പിഴത്തുക 15 ദിനാറാണ്. അത് അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനാണ്.∙മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 2000 മുതൽ 5000 ദിനാർ വരെ പിഴയും നൽകേണ്ടി വരും. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന അപകട നഷ്ടങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 2000 മുതൽ 3000 ദിനാർ വരെ പിഴയുമുണ്ടാകും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുകയോ ഓടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഒന്ന് മുതൽ രണ്ട് വർഷം വരെ തടവോ 1000 മുതൽ 3000 ദിനാർ വരെ പിഴയോ ലഭിക്കാം.ഇത്തരം അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്. ഇതിനു പുറമെ പുതിയ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ലംഘനങ്ങൾ സംഭവിക്കുമ്പോൾ ഏതെങ്കിലും ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഫോട്ടോ, വിഡിയോ അല്ലെങ്കിൽ ഓഡിയോ ക്ലിപ്പ് പകർത്തുകയോ അവ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 1000 മുതൽ 2000 ദിനാർ വരെ പിഴ ഈടാക്കും. കഴിഞ്ഞ 22നാണ് പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആദ്യ ദിവസം നിയമലംഘനങ്ങളിൽ 71 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)