Posted By Editor Editor Posted On

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തുമോ? വിശദീകരണവുമായി കേന്ദ്രം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജിഎസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.

ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യുപിഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *