
ഇന്ത്യക്കാരിയായ യുവതി, പാസ്പോർട്ട് പരിശോധിച്ചപ്പോൾ സംശയം; കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമം പൊളിച്ചു, പിടിയിൽ
ഇന്ത്യയിൽ നിന്നും വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ സ്വദേശിനിയായ ഖദീരുൻ ഷെയ്ഖ് എന്ന യുവതിയാണ് വിമാനത്താവളത്തിൽ വെച്ച് പരിശോധനയിൽ പൊലീസിന്‍റെ പിടിയിലായത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഇന്ത്യക്കാരുടെ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി.
വിമാനത്താവളത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ വിദേശത്തേക്ക് പോകാൻ സഹായിച്ചത് അഞ്ചു പേരുടെ ഒരു സംഘമാണെന്ന് വെളിപ്പെടുത്തിയത്. ഇതിൽ കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രവാസിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇവർക്കതിരെ വിമാനത്താവള പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ ഇന്ത്യയിൽ നിന്നും ആൾക്കാരെ വിദേശത്തേക്ക് എത്തിക്കുന്നത്. ഇതിനായി വ്യാജ രേഖകൾ ചമച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്. പിടിയിലായ സ്ത്രീയുടെ ഇന്ത്യൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടയിൽ കണ്ടെത്തുകയായിരുന്നു. വിദേശത്തേക്ക് പോകുന്ന ചില വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് അധിക പരിശോധന നിർബന്ധമാക്കിയിട്ടുള്ള ഇസിആർ പാസ്പോർട്ടിലാണ് ഇവർ യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കടപ്പ, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഏജന്റുകളാണ് വ്യാജ കുവൈത്ത് വിസ സംഘടിപ്പിച്ച് തന്നെ സഹായിച്ചതെന്ന് ഇവർ വെളിപ്പെടുത്തുകയായിരുന്നു. ഇമിഗ്രേഷൻ അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. മനുഷ്യക്കടത്തുമായി സംബന്ധിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments (0)