Posted By Editor Editor Posted On

വിശുദ്ധ ഇടയൻ വിടവാങ്ങി: മാർപാപ്പ അന്തരിച്ചു

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാ‌ർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *