Posted By Editor Editor Posted On

വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതില്‍ തര്‍ക്കം, കലാശിച്ചത് കൊലപാതകത്തില്‍; പ്രതികള്‍ക്ക് ജീവപര്യന്തം

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ വിധി. മലയാളികളായ രണ്ട് യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കാസർകോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്ന് കാസര്‍കോട്ടുകാര്‍ക്ക് ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ചെര്‍ക്കള നീര്‍ച്ചാല്‍ സി.എന്‍. മഹലില്‍ മുഹമ്മദ് മുഹ്ജീര്‍ സനഹ് (36), അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡ് ദില്‍ഷാന്‍ മന്‍സിലില്‍ എ. മുഹമ്മദ് ഇര്‍ഷാദ് (35), അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡ് ഇഷാബി മന്‍സിലില്‍ എ. മുഹമ്മദ് സഫ്വാന്‍ (35) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ്. മല്ലികാര്‍ജുന്‍ സ്വാമി ജീവപര്യന്തം തടവിനും 65,000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 17 മാസം കൂടി തടവ് അനുഭവിക്കണം. വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014 ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കാസര്‍കോട് മരുതടുക്കത്ത് എത്തിച്ച് പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യംചെയ്യലില്‍ മൃതദേഹം മരുതടുക്കത്ത് കുഴിച്ചിട്ടതായി പ്രതികള്‍ മൊഴിനല്‍കി. മൃതദേഹം കുഴിച്ചിടാനായി പ്രതികള്‍ മരുതടുക്കത്തെ വിജനമായ 10 സെന്റ് സ്ഥലം വിലക്ക് വാങ്ങി നേരത്തേ അവിടെ കുഴി ഉണ്ടാക്കിവെച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *