
ക്ഷീണിച്ചവശനായി വീട്ടിലെത്തി; ഉറങ്ങിയത് 32 മണിക്കൂർ; ഗൾഫിൽ പ്രവാസി ആശുപത്രിയിൽ
തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിസ്ഥലത്ത് നിന്ന് ക്ഷീണിതനായി മടങ്ങിയ 51കാരൻ ഷാർജയിലെ താമസസ്ഥലത്തെത്തി ചെറുതായൊന്ന് മയങ്ങാൻ കിടന്നു. ഓഫിസിൽ നിന്നെത്തിയ വസ്ത്രം പോലും മാറാതെയാണ് കിടന്നത്. തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമായിരുന്ന ഉറക്കാമായിരുന്നു അതെന്ന് പിന്നീട് ഡോക്ടർമാർ കണ്ടെത്തി. അത്യപൂർവമായ ഫംഗസ് തലച്ചോറിനെ ബാധിച്ചതിന് പിന്നാലെയാണ് 51കാരൻ ദീർഘമായ ഉറക്കത്തിലായിപ്പോയത്.
തനിക്കുണ്ടായ അനുഭവത്തെകുറിച്ച് അദ്ദേഹം വിവരിക്കുന്നതിങ്ങനെ: ഓഫിസിൽ നിന്നെത്തിയ ഞാൻ നല്ല ക്ഷീണിതനായിരുന്നു. ചെറുതായൊന്നു മയങ്ങാമെന്ന് കരുതി കിടന്നതാണ്. പക്ഷേ അത് 32 മണിക്കൂർ നീണ്ട ഉറക്കമായി മാറി. ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ള ഉറക്കമായിരുന്നു അതെന്ന് പിന്നീട് ഡോക്ടർമാർ അറിയിച്ചു. അബോധാവസ്ഥയിലായിരുന്നു ഞാൻ.
താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോൾ രാത്രി 8.30 ആയിരുന്നു. തീർത്തും ക്ഷീണിതനും സ്ഥലകാലഭ്രമം പിടിപ്പെട്ടത് പോലെയുമായിരുന്നു റൂമിലേക്ക് കയറിയത്. ഉണർന്നപ്പോൾ അതിരാവിലെ ആണെന്ന് ഞാൻ കരുതി. ക്ലോക്കിൽ സമയം പുലർച്ചെ 4.30 ആയിരുന്നു. ഏകദേശം 7 മണിക്കൂർ ഉറങ്ങിയെന്ന് കരുതി. ആശയക്കുഴപ്പത്തിലായപ്പോൾ എന്റെ ഫോണെടുത്തു നോക്കി. അതിന്റെ ബാറ്ററി തീർന്നിരുന്നു. ഞാനത് പ്ലഗ് ചെയ്ത് വീണ്ടും കിടന്നു, പക്ഷേ ചുറ്റുമുള്ളതെല്ലാം ഓഫായതായി തോന്നി. ഫോൺ വളരെ വലുതായി കാണപ്പെട്ടു. ഒരു നിമിഷം ഞാൻ മറ്റൊരാളുടെ വീട്ടിലാണെന്ന് പോലും തോന്നി. ഫോൺ ഓൺ ആക്കിയപ്പോൾ ഓഫിസിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും 50ലേറെ മിസ്ഡ് കോളുകളും മെസേജുകളും കണ്ടു. അതോടെ ഞാൻ പരിഭ്രാന്തനായി, കടുത്ത ആശങ്കയിലകപ്പെട്ടു. എന്തോ ഗുരുതരമായ കുഴപ്പമുണ്ടെന്ന് കരുതി. തുടർന്ന് താമസ സ്ഥലത്തിനടുത്തുള്ള ഒരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ഡോക്ടർമാർ അദ്ദേഹത്തെ അടിയന്തര പരിശോധനയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസാധാരണമാം വിധം ദീർഘവും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധന, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപോർട്ടുകൾ എന്നിവ പരിശോധിച്ചു. അന്തിമ രോഗനിർണയം ഡോക്ടർമാരെ പോലും അദ്ഭുതപ്പെടുത്തി. ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ആക്രമിക്കുന്ന അപൂർവമായ ഫംഗസ് അണുബാധ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഡോക്ടർമാർ കണ്ടെത്തി, ഇതിനെ ഡോക്ടർമാർ ‘ഓട്ടോമാറ്റിക് റിപയർ മോഡ്’ എന്ന് വിശേശേഷിപ്പിച്ചു.
സ്വയം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ മസ്തിഷ്കം പ്രവർത്തനരഹിതമാവുകയും ദീർഘനേരം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹം കുറച്ച് മണിക്കൂർ കൂടി ഉറങ്ങിയിരുന്നെങ്കിൽ അത് കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേനെയെന്നാണ് മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)