
ജോലി ഉപേക്ഷിച്ചിട്ട് 19 വർഷം; എന്നാൽ എല്ലാ മാസവും അക്കൗണ്ടിൽ ശമ്പളം, കുവൈറ്റിൽ പ്രവാസി അധ്യാപികയുടെ പണം തിരിച്ചുപിടിച്ച് സെന്‍ട്രല്‍ ബാങ്ക്
കുവൈറ്റിൽ ജോലി ഉപേക്ഷിച്ച പ്രവാസി അധ്യാപികയ്ക്ക് 19 വർഷമായി മുടങ്ങാതെ ലഭിച്ച ശമ്പളം തിരികെ പിടിച്ച് സെന്‍ട്രല്‍ ബാങ്ക്. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍ ആണ്. അതേസമയം ഈ പണം അധ്യാപിക ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അധ്യാപിക പണം എടുക്കാത്തതിനാൽ അക്കൗണ്ടില്‍ നിന്ന് സെന്‍ട്രല്‍ ബാങ്ക് പണം തിരിച്ചു പിടിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭ്യന്തര ഓഡിറ്റിങ്, വിരലടയാള ഹാജര്‍ സംവിധാനത്തിലാണ് ജോലിയില്ലാത്ത അധ്യാപികക്ക് ശമ്പളം നൽകി വരുന്നതായി കണ്ടെത്തിയത്.
അതേസമയം സംഭവത്തിൽ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയിരുന്നു. 2004 ഓഗസ്റ്റ് 24-നാണ് എലിമെന്ററി സ്‌കൂളിലെ അറബിക് ഭാഷ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. 2005-സെപ്റ്റംബര്‍ നാലിന് സ്‌കൂള്‍ തുറന്നതോടെ തുടര്‍ച്ചയായി 15 ദിവസം ജോലിക്ക് ഹാജരാകാതിരിക്കുകയും പിന്നീട് അധ്യാപിക ജോലി ഉപേക്ഷിച്ച് പോകുകയുമായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് രാജി സംബന്ധിച്ച രേഖകള്‍ എല്ലാം നല്‍കിയിട്ടും അധ്യപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം വന്നുകൊണ്ടിരുന്നു. എന്നാൽ ജോലി ഉപേക്ഷിച്ച ശേഷം ഇവര്‍ ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് ക്രിമിനല്‍ ഉദ്ദേശം ഉണ്ടായിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
എക്‌സിറ്റ് -എന്‍ട്രി രേഖകള്‍ പ്രകാരം 2005 ജൂണ്‍ 14-ന് ഇവര്‍ കുവൈത്ത് വിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ശമ്പളം സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയത് സംബന്ധിച്ച സൂചിപ്പിക്കുന്ന തെളിവുകളും അധികൃതർ കണ്ടെത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)