
വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ പണി കിട്ടും
പ്ലാറ്റ്‌ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിൻറെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്.
റിപ്പോർട്ട് ചെയ്താൽ നടപടി
ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിൻറെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഫെബ്രുവരിയിൽ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു.
വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികൾ. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബർ കുറ്റവാളികൾ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകൾ വഴി വാട്സ്ആപ്പിൻറെ ഡാറ്റ സയൻറിസ്റ്റുകൾ തിരിച്ചറിയുന്ന അക്കൗണ്ടുകൾ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്.
വാട്സ്ആപ്പിന് പരാതിപ്രളയം
വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)