
കുവൈറ്റിൽ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടു പോയി മർദ്ദിച്ചു; അക്രമിക്കു വേണ്ടി തിരച്ചിൽ
ഓർഡർ ചെയ്ത ഭക്ഷണ സാധനം ഡെലിവറി ചെയ്യാനായി അപ്പാർട്ട്‌മെൻ്റിലെത്തിയ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം ഇയാളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും പരാതിയിൽ പറയുന്നു. കുവൈറ്റിലെ അൽ ശബാബ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അതേസമയം അക്രമി ആരെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.36കാരനായ പ്രവാസി ഡെലിവറി ജീവനക്കാരാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. അൽ ശബാബിലെ ബ്ലോക്ക് എട്ടിലെ ഇതേവീട്ടിൽ കുറച്ചു മുമ്പ് ഇയാൾ ഓർഡർ ചെയ്ത ഭക്ഷണം യുവാവ് എത്തിച്ചുനൽകിരുന്നു. എന്നാൽ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഭക്ഷണം വിതരണം ചെയ്ത ഹോട്ടലിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചതായി യുവാവ് പോലീസിനോട് പറഞ്ഞു.ബ്ലോട്ട് എട്ടിലെ ഉപഭോക്താവിന് ഡെലിവറി ചെയ്ത ഭക്ഷണ സാധനം ഇഷ്ടപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് സൗജന്യമായി മറ്റൊരു പ്ലേറ്റ് ഭക്ഷണ സാധനം കൂടി അയാൾക്ക് എത്തിച്ചുനൽകണം എന്നുമായിരുന്നു ഹോട്ടലിൽ നിന്നുള്ള നിർദ്ദേശം. ഇതനുസരിച്ച് ഹോട്ടലിലെത്തി അവിടെ നിന്നുള്ള പാർസലുമായി വീണ്ടും ഉപഭോക്താവിൻ്റെ വീട്ടിലെത്തിയപ്പോൾ ആണ് യുവാവിന് മർദ്ദനമേറ്റത്.വീട്ടിലെത്തിയ തന്നോട് യാതൊരു കാരണവും ഇല്ലാതെ ഇയാൾ തട്ടിക്കയറുകയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയുമാണുണ്ടായത്. എന്നാൽ ഇതനുസരിച്ച് തിരിച്ചുപോരാൻ ഒരുങ്ങിയ ഡെലിവറി ബോയിയുടെ കോളറിൽ പിടിച്ചു മർദ്ദിക്കുകയും വീട്ടിനകത്തേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു. ഇയാളെ കഴുത്തു മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട ഡെലിവറി ജീവനക്കാരൻ നേരേ പോലിസ് സ്‌റ്റേഷനിൽ ചെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)