
കുവൈത്തിലെ നറുക്കെടുപ്പ് കൃത്രിമം: വിദേശികൾ അടക്കം 58 പേർ നിരീക്ഷണത്തിൽ; കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ പരിശോധിക്കും
യാ ഹാല റാഫിൾ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ടാസ്‌ക് ഫേഴ്‌സ്. ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഈജിപ്ഷ്യൻ ദമ്പതികൾ അടക്കം അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.കൂടാതെ 58 പേർ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുണ്ടെന്ന് സുരക്ഷ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട്. ഇതിൽ 25 പേർ വിദേശികളാണ്. ഇവർക്ക് എതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 2015-മുതലുള്ള എല്ലാ നറുക്കെടുപ്പുകളെ കുറിച്ച് പരിശോധിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒന്നിലധികം തവണ നറുക്കെടുപ്പ് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയപട്ടികയിലുള്ള മൂന്ന് വിദേശികൾ രാജ്യം വിടാൻ ശ്രമിച്ചു. തുടർന്ന് ഇവരെ അധികൃതർ പിടിക്കൂടി.
സംശയിക്കപ്പെടുന്ന വിശേികൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളം, റോഡ്-കടൽ മാർഗമുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളിലും ലുക്ക്ഔട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. രാജ്യത്തിന് പുറത്തും പ്രതികൾ ഉള്ളതായി അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ഇവരെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നു.
കഴിഞ്ഞ ആഴ്ചയിൽ യാ ഹാല നറുക്കെടുപ്പിൽ വാണിജ്യ-മന്ത്രാലയം ഉദ്യോഗസ്ഥന്റെ നേത്യത്വത്തിൽ നടത്തിയ തട്ടിപ്പാണ് രാജ്യത്തിന് കളങ്കമുണ്ടാക്കിയത്. നറുക്കെടുപ്പ്, ലൈവായി വിഡിയോയിൽ ചിത്രീകരിച്ച ഒരു സുരക്ഷ സേനയിലെ ജീവനക്കാരനാണ് കൃത്രിമം കണ്ടെത്തിയത്. വിഡിയോയിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ നറുക്കെടുത്ത കൂപ്പൺ മാറ്റുന്നത് പതിഞ്ഞു. ഇത് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണമാണ് വലിയ ശൃഖംല പൊളിച്ചടുക്കാനായത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ നറുക്കെടുപ്പുകളിലും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിർബന്ധമാണ്. പ്രതിയായ ഉദ്യോഗസ്ഥൻ റാഫിൾ ഡ്രോ വിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇദ്ദേഹത്തിന്റെ നേത്യത്വത്തിലാണ് തട്ടിപ്പ് എന്നത് വളരെ ഗൗരവത്തോടെ അധികൃതർ കാണുന്നത്. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗത്തിലും വിഷയം ചർച്ച ചെയ്ത് പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒൻപതാമത് യാ ഹാല നറുക്കെടുപ്പ് ഏപ്രിൽ 5 ന്
നറുക്കെടുപ്പിലെ ക്യത്രിമത്തെ തുടർന്ന് മാറ്റിവച്ച ഒൻപതാമത് യാ ഹാല റാഫിൾ ഡ്രോ അടുത്തമാസം 5 ന് നടക്കുമെന്ന് റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. നാസർ അൽ മരാഗി അറിയിച്ചു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞമാസം 24-നാണ് വാണിജ്യമന്ത്രാലയം സൂപ്പർവൈസർ കമ്മിറ്റി രൂപീകരിച്ചത്. സുതാര്യമായ നടപടികളിലൂടെ പൊതുജന വിശ്വാസം വളർത്തുകയാണ് പ്രധാന ലക്ഷ്യം എന്ന് ഡോ. നാസർ വ്യക്തമാക്കി. ഏപ്രിൽ 5-നാണ് പത്താമത്തെ നറുക്കെടുപ്പും നടക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)